എരുമേലി പഞ്ചായത്ത് ഭരണമാറ്റത്തിൽ : പ്രസിഡന്റ് രാജി നൽകി.

എരുമേലി : കോൺഗ്രസ്‌ ഭരണം നടത്തുന്ന എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് ജിജിമോൾ സജി രാജി വെച്ചു. മുന്നണി ധാരണ പ്രകാരമാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതെന്ന് ജിജിമോൾ പറഞ്ഞു. സെക്രട്ടറിയ്ക്കാണ് രാജിക്കത്ത് നൽകിയത്. തുടർ നടപടികൾക്ക് രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ബിനോയ്‌ ഇലവുങ്കലിനാണ്.

11 വീതം അംഗങ്ങൾ ഭരണ കക്ഷിയായ കോൺഗ്രസിലും പ്രതിപക്ഷമായ ഇടതുപക്ഷത്തുമുള്ള ഭരണസമിതിയിൽ സ്വതന്ത്ര അംഗം ബിനോയിയുടെ പിന്തുണയിലുള്ള ഭൂരിപക്ഷത്തിലാണ് കോൺഗ്രസ്‌ ഭരണം നടത്തുന്നത്. ഇനിയുള്ള ആറ് മാസം കോൺഗ്രസ്‌ പ്രതിനിധിയും പൊരിയന്മല വാർഡ് അംഗവുമായ ലിസി സജിയ്ക്ക് ആണ് പ്രസിഡന്റ് സ്ഥാനം നൽകാൻ കോൺഗ്രസിലെ ധാരണ. തുടർന്ന് ഒഴക്കനാട് വാർഡ് അംഗവും കോൺഗ്രസ്‌ പ്രതിനിധിയുമായ പി അനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം നൽകാനാണ് തീരുമാനം.

ജിജിമോൾ സജിയ്ക്ക് അനുവദിച്ചിരുന്ന കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്ത് തുടർന്നതിൽ പാർട്ടിക്കുള്ളിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ശക്തമായിരുന്നു. ഇടതുപക്ഷത്തിന് നറുക്കെടുപ്പിലൂടെ തുടക്കത്തിൽ ഭരണം കിട്ടിയ എരുമേലിയിൽ ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അവിശ്വാസ പ്രമേയം പാസാക്കിയാണ് കോൺഗ്രസ്‌ ഭരണത്തിൽ എത്തിയത്.

error: Content is protected !!