വണ്ടൻപതാലിൽ വനം വകുപ്പിന്റെ പുതിയ ദൃതകർമ്മസേന ടീം ആർ. ആർ. ടി ആരംഭിച്ചു.
മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിഭൂമികൾക്കും സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി വനപാലകരുടെ നേതൃത്വത്തിൽ പുതുതായി ഒരു ദ്രുത കർമ്മ സേന വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു . ആർ . ആർ. ടി ടീമിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു. കോട്ടയം ഡി. എഫ്. ഓ. എൻ. രാജേഷ് അധ്യക്ഷനായി.. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ആർ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് , കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, അഡ്വ. ശുഭേഷ് സുധാകരൻ, പി. ആർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ മോൻ, ദിലീഷ് ദിവാകരൻ , ഗിരിജ സുശീലൻ, സി.സി തോമസ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ, വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു.
ഒരു ക്യാമ്പർ വാഹനവും, പ്രത്യേക പരിശീലനം സിദ്ധിച്ച റെയിഞ്ച് ഓഫീസർ മുതൽ വിവിധ ശ്രേണികളിൽ ഉള്ള 11 വനപാലകരും അടങ്ങുന്നതാണ് ഒരു ദൃത കർമ്മ സേന ടീം. ഇവർക്ക് വന്യ മൃഗശല്യം പ്രതിരോധിക്കുന്നതിനും, ജനങ്ങളെ സംരക്ഷിക്കുന്നതിനും പ്രത്യേക പരിശീലനവും മതിയായ ആയുധങ്ങളും സിദ്ധിച്ചിട്ടുള്ളവരാണ്. സംസ്ഥാന വനം വകുപ്പിന് കീഴിൽ 12 പുതിയ ആർ – ആർ. ടി ടീം അനുവദിച്ചതിൽ ഒരു ടീമിനെ പൂഞ്ഞാറിലേക്ക് അനുവദിക്കുകയായിരുന്നു.
പുതിയ ആർ ആർ ടി സജ്ജമായതോടെ ഈ പ്രദേശത്തെ വന്യമൃഗ ശല്യത്തിന് വലിയ പരിഹാരമാകുമെന്നും, ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം കുറയ്ക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു . വന്യമൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ദ്രുതഗതിയിൽ ആർ. ആർ. ടീം എത്തുകയും, മനുഷ്യജീവന് ഭീഷണി ഉണ്ടാകാത്ത വിധം സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനും, വന്യമൃഗം ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതെ പ്രതിരോധിക്കുന്നതിനും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും എല്ലാവിധമായ ക്രമീകരണങ്ങളും സജ്ജമാക്കിയാണ് ആർ ആർ ടി ടീമിന്റെ പ്രവർത്തനങ്ങൾ.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 30 കിലോമീറ്റർ വനമേഖലയിൽ വനാതിർത്തി പങ്കിടുന്ന ഏകദേശം 20 ലധികം ഗ്രാമങ്ങളിലായി പതിനായിരത്തിലധികം കുടുംബങ്ങൾ വന്യജീവി ആക്രമണ ഭീഷണിയിൽ കഴിയുന്ന സാഹചര്യത്തിൽ ആർ ആർ ടി ടീമിന്റെ പ്രവർത്തനം ഏറെ ആശ്വാസകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം വനാതിർത്തി പൂർണ്ണമായും ഹാങ്ങിങ് ഫെൻസിങ് , കിടങ്ങ്, തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുള്ളതായും ഈ പ്രവർത്തനങ്ങളുടെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം 16-ന് ‘ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ മുണ്ടക്കയത്ത് നിർവഹിക്കും എന്നും എം.എൽ.എ അറിയിച്ചു.