ഇൻഫാം വിളമഹോത്സവം കര്‍ഷക കൂട്ടായ്മയുടെ വിജയം: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയുടെ വിജയമാണ് ഇൻഫാം വി മഹോത്സവമെന്ന് ഇൻഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഫാം വിളമഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നത്തിന് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥിതി ഇന്‍ഫാമിലൂടെ സംജാതമായിട്ടുണ്ട്. അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ കൃഷിയില്‍ ഏര്‍പ്പെടുന്നു. കപ്പയ്ക്കു പുറമേ കാപ്പിക്കുരു, ഏത്തക്കുല, തേങ്ങ, തേന്‍, പാല്‍, പച്ചക്കറികള്‍, ചെറു ധാന്യങ്ങള്‍ എന്നിവയും ഇന്‍ഫാമും മലനാടും കൈകോര്‍ത്ത് സംഭരിക്കുന്നുണ്ട്. സംഭരിക്കുന്ന വിഭവങ്ങള്‍ക്ക് വിലയ്ക്കു പുറമേ ബോണസും നല്‍കുന്നതിലൂടെ അധികവരുമാനം എത്തിച്ച് ഇന്‍ഫാം കര്‍ഷകരെ ശക്തിപ്പെടുത്തുന്നുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് മുഖ്യ അതിഥിയായിരുന്നു. മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം സ്വാഗതവും മാര്‍ക്കറ്റിംഗ് സെല്‍ കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍ നന്ദിയും പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചുകൊണ്ടാണ് ഇന്‍ഫാം വിളമഹോത്സവത്തിന് തുടക്കം കുറിച്ചത്. പത്തു ലക്ഷത്തോളം കിലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. നേരത്തെ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും മരച്ചീനിക്ക് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തില്‍ ന്യായവില കര്‍ഷകര്‍തന്നെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

error: Content is protected !!