ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി
ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടെ തുടക്കം. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമികളാണ് യജ്ഞാചാര്യൻ. സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. നാമജപങ്ങളും , യജ്ഞകഥാ ശ്രവണങ്ങളും കലികാല ദോഷപരിഹാര മാർഗ്ഗങ്ങളാണെന്ന് സപ്താഹ യജ്ഞങ്ങൾ തെളിയിക്കുന്നുണ്ടെങ്കിലും അവയൊക്കെ എത്രമാത്രം അർത്ഥപൂർണ്ണമാക്കുകയും ആത്മ സമർപ്പണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് നാം ഒരോരുത്തരും വളരെ ഏറെ ചിന്തിക്കേണ്ടതുണ്ടെന്ന് എൻ.ജയരാജ് എം.എൽ.എ. അഭിപ്രായപ്പെട്ടു.
ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്‌ഞാനാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി ഡി.കെ.സുനിൽകുമാർ, ജനറൽ കൺവീനർ വി.കെ. ഉണ്ണികൃഷ്ണൻ നായർ എന്നിവരും പ്രസംഗിച്ചു. തുടർന്ന് ആചാര്യവരണവും ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും ഉണ്ടയിരുന്നു.
യജ്ഞവേദിയിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, 7 മുതൽ പാരായണവും പ്രഭാഷണവും , പ്രത്യേക പൂജകൾ, അർച്ചനകൾ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് ലളിതാ സഹസ്രനാമജപം, സമ്പ്രദായ ഭജന, പ്രഭാഷണം എന്നിവ ഉണ്ടാകും. കൂടാതെ 16 ന് രാവിലെ 11 ന് ഉണ്ണിയൂട്ടും നാണയപ്പറ സമർപ്പണവും,
17 ന് രാവിലെ 9 ന് മൃത്യുഞ്ജയഹോമം,
വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 18 ന് രാവിലെ 10 ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ, 20 ന് യജ്ഞ സമാപന ദിവസം ഉച്ചയ്ക്ക് അവഭൃഥസ്നാന ഘോഷയാത്ര, മഹാപ്രസാദമൂട്ട് തുടങ്ങിയവയും ഉണ്ടാകും.