വിദ്യാർത്ഥികൾക്ക് മെന്ററിങ് നൽകുവാൻ നിർമ്മലൈറ്റ്സ് ( മൈൻഡ് കെയർ ആന്റ് ക്യുവർ ) ടീം പ്രവർത്തനസജ്ജം
കാഞ്ഞിരപ്പള്ളി : സമൂഹത്തിൽ വിവിധ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച സമാനമനസ്കർ ഒത്തുചേർന്ന്, പുതുതലമുറയെ നേർവഴിക്ക് നടത്തി, അവർക്ക് മികച്ച വിജയം ഉറപ്പിക്കുവാൻ അവർക്ക് മെന്ററിങ് നൽകുന്ന പ്രവർത്തനം ശ്ലഘനീയം ആണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് . കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹൈസ്കൂളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന 450 വിദ്യാർത്ഥികൾക്ക് 45 കൗൺസിലർമാർ ഒരേ ദിവസം കൗൺസിലിംഗ് നടത്തുന്ന വെൽനസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മലൈറ്റ്സ് ( മൈൻഡ് കെയർ ആൻറ് ക്യുവർ ) എന്ന പേരിൽ തങ്ങളുടെ ജീവിത പന്ഥാവിൽ വിജയം കൈവരിച്ച ഒരുകൂട്ടം വിശാലഹൃദയർ , എം ജി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക കൗണ്സിലിംഗ് കോഴ്സ് പാസ്സായ ശേഷം, സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി കൌൺസിലിംഗും മെന്ററിങും നടത്തുന്ന പ്രോഗ്രാമായ വെൽനസ് പ്രോഗ്രാം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. ഇതിനോടകം ഇരുപതിലധികം സ്‌കൂളുകളിൽ വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു കഴിഞ്ഞു . ഡോക്ടർമാർ, വിരമിച്ച പ്രധാന അധ്യാപകർ, ബാങ്ക് മാനേജർമാർ മുതലായ നിരവധി പ്രഗത്ഭമതികൾ ഈ സംരംഭത്തിൽ പങ്കാളികളാണ് .
സമൂഹത്തിന്റ നാനാതുറകളിൽ പ്രവർത്തിച്ച് പ്രഗൽഭരും അനുഭവസമ്പന്നരുമായ കൗസിലേഴ്സിന്റെ സേവനം ഒരു വർഷത്തേക്ക് സൗജന്യമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് വെൽനസ് പ്രോഗ്രാമിനുള്ളതെന്ന് നിർമ്മലൈറ്റ്സ് ( മൈൻഡ് കെയർ ആൻറ് ക്യുവർ ) ഡയറക്ടർ ഡോ: പി.എം.ചാക്കോ സൂചിപ്പിച്ചു. സ്ക്കൂൾ മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോമിനിക് അയലൂപ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ തോമസ്, നിർമ്മലൈറ്റ് ജനറൽ കോർഡിനേറ്റർ പി.എം.വർക്കി , പി.ആർ.ഒ ജയിംസ് കുഴിയ്ക്കാട്ട്, പി റ്റി എ പ്രസിഡന്റ് പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
ഫോൺ നമ്പർ – 9447054125 / 8921552128.