കോരുത്തോട്ടിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കോരുത്തോട് : ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു . കോരുത്തോട് അമ്പലംകുന്ന് 116 ഭാഗത്തെ കൊടുംവളവിൽ ശനിയാഴ്ച രാവിലെ 9:30 ഓടുകൂടിയായിരുന്നു അപകടം നടന്നത് .
116 ഭാഗത്തു താമസിക്കുന്ന ടൈൽ ജോലി ചെയ്യുന്ന നിരപ്പേൽ എൻ ആർ രാജേഷ് (33 ) , നടുവിലേതിൽ കിഷോർ (51 ) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളും, ഒരുമിച്ച് ജോലി ചെയ്യുന്നവരുമാണ് . ജോലിയുടെ ഭാഗമായി മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന രാജേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു . ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല . അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട്.
നിരവധി അപകടങ്ങൾ ഈ മേഖലയിൽ മുൻപും ഉണ്ടായിട്ടുണ്ട് . രണ്ടുവർഷം മുൻപ് അവിടെ ബൈക്ക് മറിഞ്ഞു ഉറുമ്പിൽ ജോഷിയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കുത്തിറക്കവും, കൊടുംവളവുകളും , റോഡിന്റെ വീതികുറവുമാണ് ഈ ഭാഗത്തെ അപകടങ്ങൾക്ക് കാരണം .
നടുവിലേതിൽ വീട്ടിൽ സുധാകരൻ , രമണി ദമ്പതികളുടെ മകനാണ് കിഷോർ . ഭാര്യ സുജാത . മകൾ അമൃത . സംസ്കാരം ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. നിരപ്പേൽ രാജു കൃഷ്ണമ്മ ദമ്പതികളുടെ മകനാണ് രാജേഷ് . ഭാര്യ പ്രിയ . സംസ്കാരം ഞായറാഴ്ച ഒരുമണിക്ക് വീട്ടുവളപ്പിൽ നടക്കും.