എരുമേലിയിൽ അവസരവാദ രാഷ്ട്രീയം തുടരുന്നു.. കാലാവധി കഴിഞ്ഞ മുൻ പഞ്ചായത്ത് പ്രസിഡന്റ്, മറുകണ്ടം ചാടി വീണ്ടും പ്രസിഡന്റായി .
എരുമേലി : തനിക്ക് വോട്ട് ചെയ്തു ജയിപ്പിച്ചിരുന്നവരെയും, മത്സരിപ്പിച്ച് ജയിപ്പിച്ച് , ഏറെ ബുദ്ധിമുട്ടി , പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ നേടികൊടുക്കുകയും ചെയ്ത പാർട്ടിയെയും മറന്നുകൊണ്ട്, തോന്നിയതുപോലെ അവസരവാദ രാഷ്ട്രീയം കളിക്കുന്നത് കണ്ട് എരുമേലിയിലെ രാഷ്ട്രീയ നിരീക്ഷകർ അന്തംവിട്ടിരിക്കുകയാണ്. കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച് ഒരു തവണ പ്രസിഡന്റ് സ്ഥാനം വഹിച്ച മറിയാമ്മ സണ്ണി ( സുബി സണ്ണി ) ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറ് മാറി, കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ അട്ടിമറിച്ച്, ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി എത്തി ഒരു വോട്ടിന് വിജയിച്ചത് അപ്രതീക്ഷിതമായി.
ഏതാനും മാസങ്ങൾക്ക് മുൻപ് , പ്രസിഡന്റായിരിക്കെ മറിയാമ്മ സണ്ണിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്ത ഇടതുപക്ഷം, അതെല്ലാം മറന്ന് തങ്ങളുടെ മുഴുവൻ വോട്ടുകളും നൽകി
മറിയാമ്മ സണ്ണിയെ വിജയിപ്പിച്ചു പ്രസിഡന്റ് കസേരയിൽ ആഘോഷമായി ഇരുത്തുന്നതിനും എരുമേലി പഞ്ചായത്ത് ഓഫിസ് സാക്ഷ്യം വഹിച്ചു .
അഞ്ചാം വർഷത്തിലോട്ട് അടുക്കുന്ന എരുമേലി പഞ്ചായത്ത് ഭരണത്തിൽ മാറാതെ അടിമുടി നാടകീയതകൾ. ബുധനാഴ്ച നടന്നത് നാലാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച് ഒരു തവണ പ്രസിഡന്റ് സ്ഥാനം വഹിച്ച സുബി സണ്ണി ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറ് മാറി ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മാറിയത് അപ്രതീക്ഷിതമായി. കോൺഗ്രസ് സ്ഥാനാർത്ഥി ലിസി സജിക്കെതിരെ കോൺഗ്രസിലെ സുബി സണ്ണി മറുകണ്ടം ചാടി എതിരാളിയായതോടെ കോൺഗ്രസിന് വിജയിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. ഇടതുപക്ഷത്തിനൊപ്പം തന്റെ വോട്ടിന്റെ പിൻബലത്തിൽ സുബി സണ്ണി ജയിച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
23 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തെ 11 വോട്ടുകളും സ്വന്തം വോട്ടും ഉൾപ്പടെ 12 വോട്ടുകൾ സുബി നേടി. 11 അംഗങ്ങൾ ഉള്ള കോൺഗ്രസിൽ സുബി ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ 10 അംഗങ്ങൾ ആയി ചുരുങ്ങി. ഈ പത്ത് വോട്ടുകളും സ്വതന്ത്രനായ ഇ ജെ ബിനോയിയുടെ വോട്ടും ഉൾപ്പടെ 11 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥി ലിസിയ്ക്ക് ലഭിച്ചു. രാവിലെ 11 ഓടെ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്കും വോട്ടെടുപ്പിനും വരണാധികാരിയായി കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസി. രജിസ്ത്രാർ ഷമീർ വി മുഹമ്മദ് നേതൃത്വം നൽകി. 23 അംഗ ഭരണസമിതിയിലെ മുഴുവൻ പേരും വോട്ടെടുപ്പിൽ പങ്കെടുത്തു.
ഇന്നലെ പ്രസിഡന്റ് ആയി സുബി സണ്ണിയെ തെരഞ്ഞെടുത്തപ്പോൾ ആഹ്ലാദത്തോടെ ചേർത്തു പിടിച്ചത് ഇടതുപക്ഷ അംഗങ്ങൾ. തൊട്ടു മുമ്പ് വരെ തങ്ങൾക്കൊപ്പമായിരുന്ന സുബി പെട്ടന്ന് മറുപക്ഷം ചേർന്ന് പ്രസിഡന്റായി മാറിയതിന്റെ വിഷമത്തിൽ കോൺഗ്രസ് അംഗങ്ങൾ ഈ സമയം വിഷാദ മൂകരായി ഹാൾ വിട്ട് പുറത്തേക്ക് പോയിരുന്നു. ഒരു വർഷം മുമ്പ് സുബി സണ്ണി പ്രസിഡന്റായപ്പോൾ ഒപ്പം ചേർന്നു നിന്നത് കോൺഗ്രസ് അംഗങ്ങളായിരുന്നു. പ്രസിഡന്റായിരിക്കെ സുബി സണ്ണിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷമായിരുന്നു വികസന സെമിനാർ നടത്തിയപ്പോൾ ഭക്ഷണ ധൂർത്ത് നടത്തിയെന്ന് സുബിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതും ഇടതുപക്ഷത്ത് നിന്നായിരുന്നു. അതേസമയം രാഷ്ട്രീയത്തിൽ സ്ഥിരമായി എതിരാളികൾ ഇല്ലെന്നും ഉചിതമായ സമയത്ത് ശരിയായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ സുബിയെ പിന്തുണച്ചതിന് പിന്നിലെന്നും ഇടതു നേതാക്കൾ പറഞ്ഞു.
സുബി സണ്ണിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കുമെന്നും പാർട്ടി വിപ്പ് ലംഘനത്തിന് കൂറുമാറ്റമായി കണക്കാക്കി അയോഗ്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടനെ സമീപിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര അറിയിച്ചു.
കഴിഞ്ഞ ദിവസം പമ്പാവാലി എക്കോ ഡെവലപ്പ്മെന്റ് കമ്മറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം തന്നെ വഞ്ചിച്ചത് മൂലമാണ് പഞ്ചായത്ത് ഭരണത്തിൽ ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റ് ആയതെന്ന് സുബി സണ്ണി പറഞ്ഞു. എന്നാൽ പമ്പാവാലിയിൽ നടന്ന ഇഡിസി തെരഞ്ഞെടുപ്പ് രാഷ്ട്രീയപരമല്ലന്നും കഴിഞ്ഞ മാസം ആറിന് ഫേസ്ബുക് പോസ്റ്റിലൂടെ സുബി പഞ്ചായത്ത് പ്രസിഡന്റ് ആകാനുള്ള മോഹം പരസ്യമായി പ്രകടിപ്പിച്ചതാണെന്നും അധികാര മോഹം ആണ് സുബിയുടെ കൂറ് മാറ്റത്തിന്റെ യഥാർത്ഥ കാരണമെന്നും എയ്ഞ്ചൽവാലി വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ മാത്യു ജോസഫ് ആരോപിച്ചു.
ഇനിയെത്തുന്നത് ഉടനെ അവിശ്വാസ പ്രമേയം. കോൺഗ്രസ് പിന്തുണയിലുള്ള വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കലിനെ മാറ്റാനാണ് ഇനി ഉടനെ അവിശ്വാസ പ്രമേയത്തിന് നീക്കമുള്ളത്. കോൺഗ്രസിലെ സുബി സണ്ണി ഇടതുപക്ഷത്തേക്ക് മാറി ഇന്നലെ പ്രസിഡന്റ് ആയതോടെ ഇടതുപക്ഷത്തിനാണ് ഇപ്പോൾ ഭൂരിപക്ഷം. ബിനോയിയെ നീക്കി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുപക്ഷ അംഗത്തെ കൊണ്ടുവരാനായാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടി ഉടനെ നോട്ടീസ് നൽകാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.
അഞ്ച് വർഷമുള്ള ഭരണത്തിൽ നാല് വർഷം പിന്നിട്ടതിനിടെ ഇതുവരെ നാല് തവണയാണ് അവിശ്വാസ പ്രമേയമെത്തിയത്. അതിൽ രണ്ടെണ്ണം കോൺഗ്രസ് വകയും ബാക്കി രണ്ടെണ്ണം ഇടതുപക്ഷത്തിന്റെയുമായിരുന്നു. ഇതിൽ കോൺഗ്രസിന്റെയും ഇടതിന്റെയും ഓരോ അവിശ്വാസ പ്രമേയങ്ങൾ പാസായിരുന്നു. എന്നാൽ ഇരുപക്ഷത്തെയും ഓരോ അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കാനായുമില്ല.
2020 ഡിസംബറിൽ ഭരണം ആരംഭിക്കുമ്പോൾ 23 അംഗ ഭരണസമിതിയിൽ സ്വതന്ത്രൻ ബിനോയിയുടെ പിന്തുണയിൽ കോൺഗ്രസിനായിരുന്നു ഒരു വോട്ടിന്റെ ഭൂരിപക്ഷം. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധു ആയത് മൂലം കോൺഗ്രസിലെ സുബി സണ്ണിക്കും ഇടതുപക്ഷത്തെ തങ്കമ്മ ജോർജ്കുട്ടിക്കും 11 വീതം തുല്യ വോട്ട് ലഭിച്ചു. ഇതോടെ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച് പ്രസിഡന്റ് സ്ഥാനം തങ്കമ്മ ജോർജ്കുട്ടിയിലൂടെ ഇടതുപക്ഷം നേടി. എന്നാൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിന്തുണയിൽ ബിനോയ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനം നേടാൻ ആറ് മാസത്തിനു ശേഷം കോൺഗ്രസ് അവിശ്വാസ പ്രമേയം നൽകിയെങ്കിലും കോൺഗ്രസിലെ പ്രകാശ് പള്ളിക്കൂടം കൂറ് മാറി വിട്ടു നിന്നത് മൂലം അവതരിപ്പിക്കാനായില്ല. അതേസമയം തൊട്ടുപിന്നാലെ കോൺഗ്രസ് പിന്തുണയുള്ള വൈസ് പ്രസിഡന്റിനെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായിരുന്നു. സിപിഐ അംഗം അനിശ്രീ സാബുവിനെ പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. കൂറ് മാറിയ പ്രകാശിനെതിരെ നടപടി റദ്ദാക്കി തിരിച്ചെടുത്ത് വീണ്ടും അവിശ്വാസ പ്രമേയം നൽകി പാസാക്കിയാണ് സുബി സണ്ണി പ്രസിഡന്റായി ഭരണം പിന്നെ കോൺഗ്രസ് നേടിയത്. ഇതിനിടെ ഇടതുപക്ഷ ധാരണ പ്രകാരം അനിശ്രീ രാജി വെച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിനോയി കോൺഗ്രസ് പിന്തുണയോടെ ജയിച്ചു. ഇതോടെ ഭരണം പൂർണമായും കോൺഗ്രസ് – സ്വതന്ത്ര കൂട്ടുകെട്ട് കയ്യടക്കിയെങ്കിലും പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ധാരണ പ്രകാരം രാജി വെയ്ക്കാൻ സുബി വിസമ്മതിച്ചു. ഇത് മുതലാക്കാൻ ഇടതുപക്ഷം അവിശ്വാസ പ്രമേയം നൽകിയെങ്കിലും ഈ സമയം സുബി രാജി നൽകിയതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ വന്നു. തുടർന്നാണ് കോൺഗ്രസിലെ ജിജിമോൾ സജി മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ധാരണ പ്രകാരം ആറ് മാസ കാലാവധി കഴിഞ്ഞു ജിജിമോൾ രാജി നൽകിയതോടെ ആണ് ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.