മണ്ഡല കാലത്തെ എരുമേലിയിലെ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം ; ഹൗസിങ് ബോർഡിന്റെ 6.82 ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിട്ടുനൽകി.
എരുമേലി ∙ കൊരട്ടിയിലെ ഹൗസിങ് ബോർഡ് സ്ഥലം തീർഥാടക വാഹന പാർക്കിങ്ങിനായി വിട്ടു നൽകിയതോടെ തീർഥാടന കാലത്തെ എരുമേലിയിലെ വാഹന പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം ആകുന്നു.
6.82 ഏക്കർ സ്ഥലമാണ് ഹൗസിങ് ബോർഡിന് കൊരട്ടിയിൽ സ്വന്തമായുള്ളത്. ഈ സ്ഥലം പാർക്കിങ് സൗകര്യങ്ങൾക്ക് വിട്ടു നൽകണമെന്ന് ദേവസ്വം ബോർഡാണ് ആവശ്യപ്പെട്ടത്.ഇതോടെയാണ് ഇവിടുത്തെ മണ്ണ്, മണ്ണുമാന്തി ഉപയോഗിച്ച് നിരത്തി വാഹനപാർക്കിങിനായി വിട്ടു നൽകുന്നത്.
300 വാഹനങ്ങൾ വരെ ഇവിടെ പാർക്ക് ചെയ്യാനുള്ള സ്ഥല സൗകര്യമുണ്ട്. ഇത്രയും വാഹനങ്ങൾ നഗരത്തിൽ നിന്ന് ഒഴിവാകുന്നതോടെ നഗരത്തിലെ തിരക്ക് കുറയും. പാർക്കിങ് മൈതാനത്തിലേക്ക് വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തി വിടാനുള്ള സൗകര്യമുണ്ട്. കൊരട്ടി ഭാഗത്തുനിന്ന് പ്രവേശിച്ച പാർക്കിങ് മൈതാനത്തിൽ എത്തി പാർക്ക് ചെയ്യുകയും തിരികെ നേർച്ചപ്പാറ വഴി നഗരത്തിലേക്ക് എത്തുന്ന വിധത്തിലാണ് റോഡ് ക്രമീകരിച്ചിരിക്കുന്നത്. പാർക്കിങ് മൈതാനം നടത്തിപ്പിനായി ഹൗസിങ് ബോർഡ് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ നാലിനാണ് ക്വട്ടേഷനുകൾ തുറക്കുന്നത്.
കഴിഞ്ഞ തീർഥാടന കാലത്ത് നേരിട്ട എറ്റവും വലിയ പ്രതിസന്ധി തീർഥാടന വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ പൊലീസ് തടഞ്ഞിട്ടതായിരുന്നു. പമ്പയിലെയും നിലയ്ക്കലിലെയും തിരക്ക് കൂടിയ സമയങ്ങളിൽ എരുമേലിയിൽ നിന്ന് തീർഥാടക വാഹനങ്ങൾ കടത്തിവിടാതെ തടഞ്ഞിട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത പാർക്കിങ് മൈതാനങ്ങളിൽ മണിക്കൂറുകളോളം തീർഥാടകരെ തടഞ്ഞിട്ടത് തർക്കങ്ങൾക്കും റോഡ് ഉപരോധങ്ങൾക്കും വരെ കാരണമായി. പാർക്കിങ് മൈതാനങ്ങളുടെ കുറവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ചില പാർക്കിങ് മൈതാനങ്ങളിലെ ചൂഷണവും തീർഥാടകരെ വലയ്ക്കുന്നതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നതായും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് ഇടപെട്ട് പാർക്കിങ്ങിനായി ഹൗസിങ് ബോർഡിന്റെ സ്ഥലം വിട്ടു നൽകാൻ ആവശ്യപ്പെട്ടത്. ഇവിടെ മാലിന്യങ്ങളും കാടും പടർപ്പും നീക്കുന്ന ജോലികളും താൽക്കാലിക ഷെഡുകൾ നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
കൊരട്ടിയിൽ നിന്ന് അര കിലോമീറ്ററോളം ഉള്ളിലാണു ഹൗസിങ് ബോർഡിന്റെ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. റോഡിനു വീതിക്കുറവുള്ളതിനാൽ വലിയ തീർഥാടന ബസുകൾ ഇവിടേക്ക് കയറി പോകാൻ ബുദ്ധിമുട്ടാണ്. റോഡ് ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. 100 മീറ്ററോളം മൺ റോഡുമാണ്. ആറര ഏക്കർ സ്ഥലത്തിന്റെ ഭൂരിഭാഗം പ്രദേശവും ചെരിവുള്ള പ്രദേശമാണ്.
മഴ പെയ്യുമ്പോൾ മൈതാനത്ത് ചെളി നിറഞ്ഞ് വാഹനങ്ങൾ തെന്നാനുള്ള സാധ്യതയുമുണ്ട്. ശുചിമുറി സൗകര്യം, ശുദ്ധജലം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്.