KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്ത് ഭരണം പോയതിന് പിന്നാലെ കോൺഗ്രസ് അച്ചടക്ക നടപടി തുടങ്ങി

എരുമേലി : കോൺഗ്രസ്‌ അംഗത്തെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്ത്‌ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം കടുത്ത അച്ചടക്ക നടപടിയിലേക്ക്. കഴിഞ്ഞ ദിവസം, കെപിസിസി, ഡിസിസി നേതൃത്വം എരുമേലിയിലെ പ്രാദേശിക നേതാക്കളുമായി ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാർട്ടിയെ വഞ്ചിച്ചു കൂറ് മാറിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ നേതൃത്വം നിർദേശം നൽകി.

ഇടതുപക്ഷത്തിലേക്ക് മാറിയ കോൺഗ്രസ്‌ അംഗം സുബി സണ്ണിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതിന് പിന്നാലെ സുബി പ്രതിനിധീകരിക്കുന്ന പമ്പാവാലി വാർഡിലെ വാർഡ് പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേരെ ഇന്നലെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ബിനു മറ്റക്കര അറിയിച്ചു. ബിജു കായപ്ലാക്കൽ, ബോബൻ പള്ളിക്കൽ എന്നിവരെയാണ് പുറത്താക്കിയത്.

കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ സുബി സണ്ണി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ്‌ നേതൃത്വത്തിന് ഏറ്റ കനത്ത ആഘാതമായിരുന്നു. പാർട്ടി വിപ്പ് അനുസരിക്കാതെ വോട്ട് ചെയ്തത് ഉന്നയിച്ച് സുബി സണ്ണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സുബി ഇടതുപക്ഷത്തേക്ക് മാറിയതിന് പിന്തുണച്ചതിനാണ് വാർഡിലെ രണ്ട് കോൺഗ്രസ്‌ നേതാക്കളെ പുറത്താക്കിയിരിക്കുന്നത്.

സ്വതന്ത്രന്റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പായിട്ടും തുടക്കത്തിൽ തന്നെ പ്രസിഡന്റ് സ്ഥാനം നഷ്‌ടപ്പെട്ടതും പിന്നീട് ഭരണം പിടിച്ചെങ്കിലും കോൺഗ്രസ്‌ അംഗത്തെ കൂട്ടുപിടിച്ച് അത് ഇടതുപക്ഷ നീക്കത്തിൽ വീണ്ടും നഷ്‌ടപ്പെട്ടത് ഗുരുതരമായ വീഴ്ച ആണെന്നാണ് ഇന്നലെ യോഗത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ വിലയിരുത്തിയത്. പ്രസിഡന്റ് സ്ഥാനം ഊഴമിട്ട് നൽകുന്ന ധാരണ ആണ് ഭരണം നഷ്‌ടപ്പെടാൻ ഇടയാക്കിയതെന്നും നേതൃത്വം വിലയിരുത്തി. വൈകാതെ വൈസ് പ്രസിഡന്റിനെതിരെ ഇടതുപക്ഷത്ത് നിന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം തുടങ്ങിയതും നേതൃത്വം വിലയിരുത്തി. കോൺഗ്രസിന് പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം ഇ. ജെ ബിനോയ്‌ ആണ് വൈസ് പ്രസിഡന്റ്. അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള നീക്കങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കാൻ നേതൃത്വം നിർദേശിച്ചു.

error: Content is protected !!