മണ്ഡല കാലത്ത് എരുമേലിയിൽ തീർഥാടകർ നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളുടെ പ്രതിഷേധ നാമജപയാത്ര നടത്തും.

എരുമേലി ∙ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തു ശബരിമല തീർഥാടകർ എരുമേലിയിൽ നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ 10 ന് രാവിലെ 10 ന് എരുമേലി കൊച്ചമ്പലത്തിൽനിന്നു വലിയമ്പലത്തിലേക്കു ഭക്തജനങ്ങളുടെ പ്രതിഷേധ നാമജപയാത്ര നടത്തും.

താൽക്കാലിക കടകളിലും പാർക്കിങ് മൈതാനങ്ങളിലും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെയാണു ജോലിക്ക് നിയമിക്കുന്നത്. ഇവർ തീർഥാടകരോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇത്തരം തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം.

നിലവിൽ ക്ഷേത്രത്തിൽ തീർഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യം പരിമിതമാണ്. ഇതിനു പരിഹാരം കാണണം. പാർക്കിങ് മൈതാനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ശുചിമുറികളിലും തീർഥാടകരിൽ നിന്ന് അമിത നിരക്ക് വാങ്ങുന്നതു തടയണം. പേട്ടതുള്ളൽ സാമഗ്രികൾക്ക് അമിതവില ഈടാക്കുന്നതു തടയുന്നതിനു പേട്ടതുള്ളൽ സാധനങ്ങളായ കച്ച, ശരം, കത്തി, മണി, ചരട് സിന്ദൂരം, പാണൽ ഇല, കിരീടം എന്നിവയുടെ വില ഏകീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യണം.

രാസ സിന്ദൂര വിൽപന കർശനമായി തടയുകയും ജൈവ സിന്ദൂരം ലഭ്യമാക്കുകയും ചെയ്യണം. പേട്ടതുള്ളൽ പാതയെ വിശുദ്ധ പാതയായി പ്രഖ്യാപിച്ച് വാഹന ഗതാഗതം പൂർണമായും നിരോധിക്കുകയും പകരം റിങ് റോഡുകൾ വികസിപ്പിക്കുകയും ചെയ്യണം.

സ്റ്റുഡിയോകളിലെ നിരക്കും ഏകീകരിക്കണം. തീർഥാടന കാലത്ത് നടപ്പാതയിലെ കച്ചവടവും പൂർണമായും നിരോധിക്കണമെന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരൻ, വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി മോഹനൻ പനയ്ക്കൽ, മോഹനൻ കുളത്തുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.

error: Content is protected !!