മണ്ഡല സീസണിങ്ങെത്തി : റോഡിരികിലെ കാട് തെളിക്കൽ തുടങ്ങി
എരുമേലി : മണ്ഡല കാല മുന്നൊരുക്കമായി പ്രധാന ശബരിമല പാതകളിൽ പൊന്തക്കാടുകൾ വെട്ടി മാറ്റുന്ന ജോലി ആരംഭിച്ചു. എരുമേലി – കാഞ്ഞിരപ്പള്ളി, എരുമേലി – കണമല റോഡുകളിലാണ് ഇന്നലെ കാട് വെട്ടൽ പണികൾ തുടങ്ങിയത്. കരാർ തൊഴിലാളികളെ നിയോഗിച്ചാണ് പണികൾ നടത്തുന്നത്.
കാടുകൾ നിറഞ്ഞ് അപകട സാധ്യതയിലായിരുന്നു പാതകൾ. വശങ്ങളിൽ കാൽ നട യാത്രികർ ഭീതിയിൽ ആണ് സഞ്ചരിക്കുന്നത്. റോഡരികിലെ പൊന്തകാടുകളിൽ പലയിടത്തും വിഷമുള്ള ഇഴ ജന്തുക്കൾ ഉണ്ടെന്ന് നിരവധി നാട്ടുകാർ പരാതിപ്പെട്ടിരുന്നു .
അതേസമയം ഇത്തവണ കുഴിയടയ്ക്കൽ ഉൾപ്പടെ റോഡുകൾ സുരക്ഷിതമാക്കുന്ന നവീകരണ പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല .റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കലും തുടങ്ങിയിട്ടില്ല .
. പഴക്കമേറിയ സിഗ്നൽ ബോർഡുകൾ നീക്കി പുതിയ ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികളും മരാമത്ത് വിഭാഗത്തിൽ ആരംഭിച്ചിട്ടില്ല. ഇവയെല്ലാം നടപ്പിലാക്കണമെന്നാണ് എരുമേലി നടന്ന മുന്നൊരുക്ക യോഗം നിർദേശം നൽകിയത്.
ശബരിമല പാതയിൽ സിബ്ര ലൈനുകൾ കാണാനില്ല. മിക്കതും അവ്യക്തമായ നിലയിലാണ്. ഇതുൾപ്പടെ സെന്റർ ലൈനും റോഡിൽ കാണാനില്ല. കാലപ്പഴക്കം മൂലം ഇവയെല്ലാം അവ്യക്തമാണ്.
പേട്ടക്കവലയിൽ കാൽ നട സഞ്ചാരത്തിന് നിർമിച്ച നടപ്പാതകളിൽ അനധികൃത വ്യാപാരം വ്യാപകമാണെന്ന് പരാതി. കച്ചവടക്കാർ വിൽപന സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കി വെച്ചിരിക്കുന്നത് പോലിസ് ഇടപെട്ട് നീക്കണമെന്നാണ് പരാതി.