മുണ്ടക്കയത്ത് ഏറെ അപകടകാരിയായ എം.ഡി.എം.എ മയക്കയുമരുന്ന് വില്പന ; തിരുവനന്തപുരം സ്വദേശി യുവാവ് ചോറ്റിയിൽ പിടിയിലായി

മുണ്ടക്കയം: മയക്കുമരുന്നുകളിലെ കാളകൂടവിഷമെന്നറിയപ്പെടുന്ന ഏറെ അപകടകാരിയായ എം.ഡി എം.എ വിൽപ്പനയ്ക്കായി സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മുണ്ടക്കയം ചോറ്റി ത്രിവേണി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പോലീസും ചേർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇയാളെ ചോറ്റി ത്രിവേണി ഭാഗത്തുനിന്ന് പിടികൂടുന്നത്. ഇയാളിൽ നിന്നും 40 ഗ്രാം എം.ഡി. എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ രാകേഷ് കുമാർ, എസ്.ഐ സുരേഷ് ബാബു, എസ് ഐ ഉജ്ജ്വല ഭാസി സി.പി.ഓ മാരായ സെബാസ്റ്റ്യൻ, റഫീഖ് കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. അരവിന്ദന് തൃക്കാക്കര, വിളപ്പിൽശാല എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

മയക്കുമരുന്നുകളിലെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എംഡിഎംഎ. ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എംഡിഎംഎ യുവാക്കൾക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. അപൂർവ്വമായി മാത്രം ലഭിക്കുന്ന ഈ മയക്കുമരുന്നിന് ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളാണ് മതിപ്പുവില. രാജ്യാന്തര വിപണിയിൽ കോടികളും.

നിശാ പാർട്ടികളിലും മറ്റും തളരാതെ ദീർഘനേരം സജീവമായിരിക്കാനും , തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് എംഡിഎംഎ എന്ന മെത്ത് കുപ്രസിദ്ധമായത്. ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥം കൂടിയാണ് ഇത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കും. അതേസമയം ഉപയോഗത്തിൻ്റെ ആരംഭത്തിൽ ആനന്ദം തരുമെങ്കിലും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിൻ്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം.

പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നാണ് എംഡിഎംഎ. ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് ലഭിച്ചത്. ഇതിന് കേരളത്തിലെ നഗരങ്ങളിൽത്തന്നെ ആവശ്യക്കാർ ഏറെയുണ്ടെന്നാണ് എക്സെെസ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവരിൽ സ്ത്രീകളും വിദ്യാർത്ഥികളുമുണ്ട്. മണവും, രുചിയുമില്ലാത്ത ഇത് ചിലപ്പോൾ ജ്യൂസിൽ കലക്കി നൽകുകയാണ് പതിവ്. രുചിയില്ലാത്തതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നുകയുമില്ല. അതേസമയം ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും.

error: Content is protected !!