സ്വത്തുതർക്കത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇരട്ടക്കൊലപാതകം : വിചാരണ ഉടൻ പൂർത്തിയാകും ..
കാഞ്ഞിരപ്പള്ളി : സ്വത്തുതർക്കത്തെത്തുടർന്ന് 2022 മാർച്ച് 7ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ അന്തിമഘട്ടത്തിൽ. കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യനും മാത്യു സ്കറിയയും വെടിയേറ്റു മരിച്ച കേസിൽ രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യനാണു പ്രതിചേർക്കപ്പെട്ടിട്ടുള്ളത്
കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ 138–ാം സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ 2023 ഏപ്രിലിൽ ആരംഭിച്ച പ്രോസിക്യൂഷൻ വിചാരണ പൂർത്തിയാകും. 243 രേഖകളും വെടിവയ്ക്കാൻ ഉപയോഗിച്ച വിദേശനിർമിത റിവോൾവർ ഉൾപ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി.
ഹൈദരാബാദ് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ അസി. ഡയറക്ടർ ബാലിസ്റ്റിക് വിദഗ്ധൻ എസ്.എസ്.മൂർത്തി ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
പ്രതി ജോർജ് കുര്യൻ ഹൈക്കോടതി മുൻപാകെ രണ്ടാമതു സമർപ്പിച്ച ജാമ്യാപേക്ഷയും കഴിഞ്ഞ മാസം 14നു തള്ളിയിരുന്നു. ക്രിസ്മസ് അവധിക്കു മുൻപു വിചാരണ പൂർത്തിയാക്കണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശിച്ചു.