KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം പാക്കാനത്ത് കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു

മുണ്ടക്കയം : കലിയിളകിയ കടന്നലുകളുടെ കുത്തേറ്റ് 110 വയസ്സുള്ള അമ്മയും 82 വയസ്സുള്ള മകളും മരിച്ചു. രണ്ടുപേർ പരുക്കുകളോടെ ചികിത്സയിൽ. പുഞ്ചവയൽ പാക്കാനം കാവനാൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (110), മകൾ തങ്കമ്മ (82) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടു 4നു വീട്ടുമുറ്റത്തു നിന്ന ഇവരെ കടന്നലുകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

ഇവരുടെ വീട്ടിലെ ജോലിക്കാരനായ ജോയി (78), ഇവരെ രക്ഷിക്കാനെത്തിയ ബന്ധു കാവനാൽ വിഷ്ണു (27) എന്നിവർക്കാണു പരുക്ക്. ഇരുവരും ചികിത്സയിലാണ്.

പാക്കാനം ഇഞ്ചക്കുഴി വനത്തിന്റെ അതിർത്തിയിലാണ് ഇവരുടെ വീട്. സമീപപ്രദേശത്തു നിന്നു കൂടിളകി കടന്നലുകൾ എത്തുകയായിരുന്നു. മുൻപും ഈ പ്രദേശത്തു കടന്നലിന്റെ ശല്യം ഉണ്ടായിട്ടുണ്ട്. വന്യമൃഗശല്യമുള്ള മേഖലയുമാണിത്. കുഞ്ഞുപെണ്ണിന്റെയും തങ്കമ്മയുടെയും സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ.

കുഞ്ഞുപെണ്ണിന്റെ മറ്റു മക്കൾ: കരുണാകരൻ (എരുമേലി പഞ്ചായത്ത് മുൻ അംഗം), അയ്യപ്പൻ. മരുമകൾ: രാധാമണി. തങ്കമ്മയുടെ മക്കൾ: ശ്രീനിവാസൻ, ചന്ദ്രിക, പുഷ്പ. മരുമക്കൾ: ഡാലിയ, സത്യൻ, പരേതനായ സമൻ.

error: Content is protected !!