എലികുളത്ത് കാറ്റിലും മഴയിലും കനത്ത നാശം
പൊൻകുന്നം ∙ ഇളങ്ങുളം ഒട്ടയ്ക്കൽ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കനത്ത നാശം. 2 വീടുകൾക്കു മുകളിൽ മരങ്ങൾ വീണു ഭാഗിക നാശമുണ്ടായി. പലരുടെയും കൃഷിയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് നഷ്ടമുണ്ടായി.
ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. വയലുങ്കൽപടി കൊല്ലംതോട്ട് അനിൽകുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവ് കടപുഴകി വീടിനോടു ചേർന്നു പതിച്ച് നാശമുണ്ടായി. വെള്ളിലക്കുഴി റോഡിനു കുറുകെ മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി. ഒട്ടയ്ക്കൽ പാമ്പയ്ക്കൽ ബിനുവിന്റെ ജാതിമരങ്ങൾ കാറ്റിൽ കടപുഴകി വീണു നശിച്ചു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ മഴയ്ക്കൊപ്പം വീശിയ കാറ്റാണ് നാശം വിതച്ചത്.