കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രണ്ടു കാർഡിയോളജിസ്റ്റുകളെ താൽക്കാലികമായി നിയമിച്ചു
കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടനകാലം പരിഗണിച്ച് ജനറൽ ആശുപത്രിയിൽ 2 കാർഡിയോളജിസ്റ്റുകളെ താൽക്കാലികമായി നിയമിച്ച് ഉത്തരവായി. ഈ മാസം 10 മുതൽ രണ്ടു മാസത്തേക്ക് ജോലി ക്രമീകരണ വ്യവസ്ഥയിലാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ. കരോൾ ജോസഫ്, കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ് ഡോ. പ്രസാദ് പി.മാണി എന്നിവരെ നിയമിച്ചുകൊണ്ടാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഡോ. കരോൾ ജോസഫിന്റെ സേവനം തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിലും ഡോ. പ്രസാദ് പി. മാണിയുടെ സേവനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആശുപത്രിയിൽ ഉണ്ടായിരിക്കും.
ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റുമാരായ ഡോ. ബിജുമോൻ, ഡോ. പ്രസാദ് പി.മാണി എന്നിവർക്ക് കഴിഞ്ഞയാഴ്ച സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം ഉണ്ടായതിനെ തുടർന്നാണ് തിങ്കളാഴ്ച മുതൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയും കാത്ത് ലാബിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായത്.
ഇതിൽ ഡോ. ബിജു മോൻ തിരുവനന്തപുരത്തേക്കും, ഡോ. പ്രസാദ് കൺസൽറ്റന്റ് കാർഡിയോളജിസ്റ്റായി എറണാകുളത്തേക്കുമാണു സ്ഥലം മാറിപ്പോയത്. ഇവരിൽ പ്രസാദ് പി.മാണിയെ തിരികെ കാഞ്ഞിരപ്പള്ളിയിൽ 2 മാസത്തേക്കു ജോലി ക്രമീകരണ വ്യവസ്ഥയിലാണ് താൽക്കാലികമായി നിയമിച്ചത്. ഡോ. കരോൾ ജോസഫിനെയും ജോലി ക്രമീകരണ വ്യവസ്ഥയിലാണ് 2 മാസത്തേക്കു നിയമിച്ചത്. നിലവിൽ കാർഡിയോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ 4 ദിവസമായി ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം മുടങ്ങിയിരിക്കുകയാണ്. അടിയന്തര ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ പോലും ഇന്നലെ മുതൽ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യേണ്ട സ്ഥിതിയായിരുന്നു.