വിടപറഞ്ഞത് നാടിന്റെ മുത്തശ്ശി
മുണ്ടക്കയം ∙ വയസ്സ് 110 ആയെങ്കിലും കേൾവിക്കുറവു മാത്രമേ കുഞ്ഞുപെണ്ണിന് ഒരു പ്രശ്നമായി ഉണ്ടായിരുന്നുള്ളൂ. പൂഞ്ഞാർ മുത്തോട്ടെ വീട്ടിൽ കൊച്ചുപെണ്ണ് – കടത്ത ദമ്പതികളുടെ ഏഴുമക്കളിൽ ഇളയവളായ കുഞ്ഞുപെണ്ണ് 17–ാം വയസ്സിലാണു പാക്കാനത്ത് എത്തുന്നത്.
വനാതിർത്തിയിൽ കാട്ടുമൃഗങ്ങളോടു പടവെട്ടി കൃഷി ചെയ്തു ജീവിതം കരുപ്പിടിപ്പിച്ചു. ആനക്കൂട്ടത്തെ തുരത്താൻ പോലും ഭർത്താവ് നാരായണനൊപ്പം ചങ്കുറപ്പോടെ നിന്നിട്ടുള്ള ആളാണു കുഞ്ഞുപെണ്ണെന്നു നാട്ടുകാർ പറയുന്നു.
നിലത്തെഴുത്തു മാത്രമായിരുന്നു വിദ്യാഭ്യാസം. മുരിക്കുംവയൽ ശ്രീശബരീശ കോളജ് ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചതു കുഞ്ഞുപെണ്ണായിരുന്നു. മുതിർന്ന വോട്ടർ എന്ന നിലയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ആദരവും കുഞ്ഞുപെണ്ണിനു ലഭിച്ചിരുന്നു.