കടന്നൽക്കുത്തേറ്റ് മരിച്ച കുഞ്ഞുപെണ്ണിനും തങ്കമ്മയ്ക്കും നാടിന്റെ അന്ത്യാഞ്ജലി
എരുമേലി ∙ വിധി കവർന്ന നാടിന്റെ മുത്തശ്ശി 110 വയസ്സുള്ള കുഞ്ഞുപെണ്ണിനും മകൾ തങ്കമ്മയ്ക്കും പാക്കാനം ഗ്രാമം നിറകണ്ണുകളോടെ വിട ചൊല്ലി. കടന്നൽക്കുത്തേറ്റാണ് ഇരുവരും വിടപറഞ്ഞത്. ഇന്നലെ രാവിലെ മകൻ കാവനാൽ കരുണാകരന്റെ പാക്കാനത്തുള്ള വീട്ടിൽ ഇരുവരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് എത്തിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
തുടർന്ന് ഇഞ്ചക്കുഴിയിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോയി വീട്ടുവളപ്പിൽ സംസ്കരിച്ചു. കുടുംബവീടിന് സമീപത്ത് മുറ്റത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും നേരെ കടന്നലിന്റെ ആക്രമണം ഉണ്ടായത്. ജോയി (78), അയൽവാസിയും ബന്ധുവുമായ വിഷ്ണു എന്നിവർക്കും പരുക്കേറ്റിരുന്നു. അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി ജോയിയെ ആശുപത്രിയിൽ നിന്ന് എത്തിച്ചിരുന്നു.
പൂഞ്ഞാറിൽ നിന്നു 17–ാം വയസ്സിലാണ് കുഞ്ഞുപെണ്ണ് കാവനാൽ നാരായണന്റെ ഭാര്യയായി ഇവിടെ എത്തുന്നത്. ഒൻപത് പതിറ്റാണ്ടിന്റെ ബന്ധം നാടും നാട്ടുകാരുമായി ഈ മുത്തശ്ശിക്ക് ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളോടു പടവെട്ടി കൃഷി നടത്തിയിരുന്ന കുടിയേറ്റകാലം മുതൽ മരണ ദിവസം വരെ വീട്ടിലെ കൃഷിപ്പണികളിലും മറ്റു ജോലികളും കുഞ്ഞുപെണ്ണ് സജീവമായിരുന്നു. കേൾവിക്കുറവ് മാത്രമായിരുന്നു ആകെയുള്ള പ്രശ്നം. ചൊവ്വാഴ്ച വൈകിട്ടാണ് കടന്നൽ കുത്തേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ തവണ കുത്തേറ്റിരുന്നു. ഇതാണ് ഇരുവരുടെയും മരണകാരണമായി ഡോക്ടർമാർ പറയുന്നത്.