തീർത്ഥാടക ചൂഷണത്തിനെതിരെ എരുമേലിയിൽ പ്രതിഷേധ നാമജപയാത്ര നടത്തി
എരുമേലി : ശബരിമല തീർത്ഥാടകരോട് അമിത വില ഈടാക്കി ചൂഷണം നടത്തുന്നെന്നും സർക്കാർ വക ക്രമീകരണങ്ങൾ നിശ്ചലമാണെന്നും ആരോപിച്ച് ശബരിമല കർമ സമിതി ടൗണിൽ പ്രതിഷേധ നാമജപ യാത്ര നടത്തി. പേട്ടതുള്ളൽ സാധനങ്ങൾക്ക് വില നിശ്ചയിക്കുന്നത് ജമാഅത്ത് ആണോ എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല ടീച്ചർ ചോദിച്ചു. പ്രദേശം വഖഫ് ഭൂമിയായി മാറുമോ എന്ന് സംശയം ഉണ്ടായിരിക്കുകയാണെന്നും തീർത്ഥാടകരുടെ ക്ഷേമത്തിനായുള്ള കാര്യങ്ങളിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ ഭാഗത്തുണ്ടാകുന്നതെന്നും ശശികല ടീച്ചർ പറഞ്ഞു.
ശൗചാലയങ്ങളിലെ നിരക്ക് ഏകീകരിക്കുക, ശരക്കോൽ, മറ്റു പേട്ടതുള്ളൽ സാധനങ്ങൾക്ക് ന്യായ വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ യാത്ര സംഘടിപ്പിച്ചത് . പേട്ട ക്ഷേത്ര ഗോപുരത്തിൽ നിന്നും വലിയമ്പലത്തിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.
സന്യാസി മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സത് സ്വരൂപാനന്ദ സ്വാമികൾ, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ്, ജോ. സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളി, ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ഇ എസ് ബിജു തുടങ്ങിയവർ പ്രസംഗിച്ചു.