ഇനി സ്വന്തം സ്ഥലത്ത് എരുമേലിയിലെ മൂന്ന് അംഗൻവാടികൾ.

എരുമേലി : വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മൂന്ന് അംഗൻവാടികൾക്ക് എരുമേലി ഗ്രാമ പഞ്ചായത്ത് സ്വന്തമായി സ്ഥലം വാങ്ങി . വാടക കെട്ടിടത്തിലായ മുക്കൂട്ടുതറ പനക്കവയൽ 117 നമ്പർ അംഗൻവാടി, മുട്ടപ്പള്ളി വാർഡിലെ കുട്ടപ്പായിപ്പടി 103 നമ്പർ അംഗൻവാടി, കണമല വാർഡിലെ പാറക്കടവ് 114 നമ്പർ അംഗൻവാടി എന്നിവക്കാണ് ഗ്രാമ പഞ്ചായത്ത് സ്ഥലം വാങ്ങിയത്.

സർക്കാർ ഫണ്ടിൽ ഒതുങ്ങുന്ന വിലയിൽ സ്ഥലം നൽകാൻ സുമനസുകൾ തയ്യാറായതോടെ സ്ഥലങ്ങളുടെ ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. എരുമേലി സബ് രജിസ്ത്രാർ ഓഫീസിൽ വെച്ച് ആധാര രേഖകൾ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി ഏറ്റുവാങ്ങി.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്വന്തം സ്ഥലം ഉള്ള കെട്ടിടം ഇല്ലാത്ത അംഗൻവാടികൾക്ക് കെട്ടിടങ്ങൾ നിർമിച്ചു നൽകുന്ന എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പദ്ധതി പ്രകാരം ഇനി ഈ അംഗൻവാടികൾക്കും കെട്ടിടം നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് അംഗങ്ങളായ എം എസ് സതീഷ് , മറിയാമ്മ മാത്തുക്കുട്ടി, ജിൻസി എന്നിവരുടെ ശ്രമഫലമായാണ് സ്ഥലം വാങ്ങാൻ നടപടികൾ പൂർത്തിയായത്.

error: Content is protected !!