കണ്ണിമലയിലെ അപകടമേഖല സുരക്ഷിതമാക്കുവാൻ സംയുക്ത പരിശോധന നടത്തി

എരുമേലി : ശബരിമല സീസണിൽ കണമല ഇറക്കം അതീവ അപകട മേഖലയായതു പോലെ അപകടങ്ങൾ തുടർച്ചയായ കണ്ണിമല മഠം പടി ഇറക്കം അങ്ങനെ ആകാതെ സുരക്ഷിതമാക്കാൻ ജനപ്രതിനിധികളും പൊതു മരാമത്ത്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. വാഹനങ്ങളുടെ വേഗത കുറയാൻ സഹായിക്കുന്ന കനം കൂടിയ ഏഴ് സെറ്റ് ബാർ മാർക്കിങ്ങുകൾ റോഡിൽ വരയ്ക്കുവാനായി ഉദ്യോഗസ്ഥർ തീരുമാനിച്ചു.

അടുത്ത ദിവസം ഈ പ്രവൃത്തി നടത്തും. ഒപ്പം പോലിസ്, മോട്ടോർ വാഹന വകുപ്പ് വിഭാഗങ്ങളുടെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനം. ഇന്നലെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർ പ്രദേശത്തെ നാട്ടുകാരുമായി റോഡിലെ അപകട സാഹചര്യങ്ങൾ വിലയിരുത്തി.

ഇത്തവണ ശബരിമല സീസൺ ആരംഭിച്ച ശേഷം മൂന്ന് അപകടങ്ങൾ ആണ് കണ്ണിമല ഇറക്കത്തിൽ മാത്രം സംഭവിച്ചത്. പച്ചക്കറി ലോഡുമായി വന്ന ലോറി മറിഞ്ഞാണ് ആദ്യ അപകടം. ഇതിന്റെ പിറ്റേന്ന് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി ഇടിച്ചു. ക്രാഷ് ബാരിയറിൽ ഇടിച്ചതിനാൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞില്ല. ഇതിന് മണിക്കൂറുകൾക്ക് ശേഷം തീർത്ഥാടകരുമായി വന്ന കാർ ക്രാഷ് ബാരിയറിൽ ഇടിച്ചിരുന്നു.

കർശന സുരക്ഷ സജ്ജമാക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ സംഭവിക്കുമെന്ന് ഇന്നലെ പരിശോധനയിൽ പങ്കെടുത്ത റോഡ് സേഫ് സോൺ ചീഫ് കൺട്രോളിംഗ് ഓഫിസറായ ജോയിന്റ് ആർടിഒ ഷാനവാസ്‌ കരീം പറഞ്ഞു. താഴ്ന്ന ഗിയറിൽ സഞ്ചരിച്ചാൽ ഇറക്കത്തിലെ കൊടും വളവിൽ ഇതര സംസ്ഥാന ബസുകൾക്ക് നിയന്ത്രണം നഷ്‌ടപ്പെടുന്ന സാഹചര്യമാണുള്ളത്. വളവിൽ വലിയ വാഹനങ്ങൾ തിരിയണമെങ്കിൽ ഇറക്കം സാവധാനത്തിൽ സഞ്ചരിച്ചാലാണ് സാധ്യമാവുക. വാഹനങ്ങളുടെയും ടയറുകളുടെയും പഴക്കം കൂടുതൽ ആണെങ്കിൽ ഇറക്കത്തിൽ സാവധാനം സഞ്ചരിച്ചാലും വളവിൽ തിരിയാൻ കഴിയാതാകുമെന്ന് നാട്ടുകാർ പറഞ്ഞു. പോലിസ് വകുപ്പുമായി ചേർന്ന് കൂടുതൽ സുരക്ഷാ നടപടികൾ ഉടനെ സ്വീകരിക്കാൻ പരിശോധക സംഘം തീരുമാനിച്ചു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ശ്യാം, പൊതുമരാമത്ത് അസി. എക്‌സി. എഞ്ചിനീയർ അരവിന്ദ്, പോലിസ് എഎസ്ഐ സന്തോഷ്‌, വാർഡ് അംഗം ബിൻസി, റോഡ് സേഫ് സോൺ ചീഫ് കൺട്രോളിംഗ് ഓഫിസർ ഷാനവാസ്‌ കരീം, ടിനേഷ് മോൻ, റെജി എ സലാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

error: Content is protected !!