എരുമേലിയിൽ ദേവസ്വത്തിന്റെ ശൗചാലയ മാലിന്യ സംസ്‌കരണം പഞ്ചായത്തിന്.
എരുമേലി : ദേവസ്വം ബോർഡിന്റെ എരുമേലിയിലുള്ള 350 ഓളം ടോയ്‌ലെറ്റുകളിലെ മാലിന്യങ്ങളുടെ സംസ്‌കരണം ഇനി പഞ്ചായത്തിന്. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡും പഞ്ചായത്തും തമ്മിൽ കരാർ വെച്ച് ധാരണയായെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു. മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിച്ച് ആണ് സംസ്‌കരണം നടത്തുക. ഇന്ന് മുതൽ ശബരിമല തീർത്ഥാടന സീസണിന്റെ സമാപനം വരെയാണ് കരാർ.
ഇത്തവണ തീർത്ഥാടന കാലത്ത് എരുമേലിയിൽ കക്കൂസ് മാലിന്യങ്ങൾ ജല സ്രോതസുകളിൽ കലരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന മന്ത്രി വി എൻ വാസവന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കിയത്. ജില്ലാ കളക്ടർ ജോൺ വി സാമുവെൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ് എന്നിവർ എരുമേലിയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതേ തുടർന്ന് മേഖലയിലെ ശൗചാലയങ്ങളുടെ തൽസ്ഥിതി സർവേ മാപ്പിങ് നടത്തുകയും ശബരിമല പാതയിലെ 12 സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത ചെക്ക് പോസ്റ്റുകൾ തുടങ്ങുകയും ശുചിത്വ പാലന പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആരംഭിക്കുകയും ചെയ്തിരുന്നു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സീനിയർ സൂപ്രണ്ട് ടി സജിത്ത്, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ നോബിൾ സേവ്യർ ജോസഫ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വിപിൻ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ പ്ലാന്റ് ഉപയോഗിച്ച് മുസ്ലിം ജമാഅത്തിന്റെയും സ്വകാര്യ ആശുപത്രിയുടെയും പാർക്കിംഗ് ഗ്രൗണ്ടിലെ ഉൾപ്പടെ വിവിധ ടോയ്‌ലെറ്റ് കോംപ്ലക്സുകളുടെയും സെപ്റ്റിക്ക് ടാങ്കുകളുടെ സംസ്‌കരണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇതിനോടകം കഴിഞ്ഞ ദിവസം വരെ 174 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. ശുചിത്വ പാലനത്തിൽ വീഴ്ച പ്രകടമായ ഒമ്പത് സ്ഥാപനങ്ങൾക്ക് ഇവ പരിഹരിക്കണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകിയിട്ടുണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി പി എ മണിയപ്പൻ അറിയിച്ചു.