എരുമേലി വനപാതയിൽ മുന്നറിയിപ്പ് ബോർഡിന് മുന്നിലും മാലിന്യം; ക്യാമറകൾ വെറുതെ

എരുമേലി : വനപാത വൃത്തിയാക്കി ടൺ കണക്കിന് മാലിന്യങ്ങൾ നീക്കി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടും സാമൂഹിക വിരുദ്ധരുടെ മാലിന്യമിടീൽ കുറയുന്നില്ല. പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ ഇടുന്നവർക്കെതിരെ സ്വീകരിക്കുന്ന ക്രിമിനൽ നടപടി വിശദമാക്കി പ്രദർശിപ്പിച്ച് മുന്നറിയിപ്പ് ബോർഡ് വെച്ചതിന്റെ മുന്നിലും മാലിന്യക്കൂമ്പാരം.

എരുമേലി – റാന്നി സംസ്ഥാന പാതയിൽ എരുമേലി പിന്നിട്ട് കനകപ്പലത്ത് നിന്ന് ആരംഭിച്ച് മുക്കട വരെ നീളുന്ന വനപാതയിൽ ആണ് വീണ്ടും വൻ തോതിൽ മാലിന്യങ്ങൾ പാതയോരങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. പാതയ്ക്കിടെ വനം വകുപ്പിന്റെ ഓഫിസും ഗാർഡ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യം ഇടുന്നവരെ പിടികൂടുന്നില്ല.

പാതയിൽ കഴിഞ്ഞയിടെ ആണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായി വനം വകുപ്പ് അറിയിച്ചത്. ഇക്കാര്യം മുന്നറിയിപ്പ് ആയി പ്രദർശിപ്പിച്ച് ബോർഡുകളും സ്ഥാപിച്ചിരുന്നു. പല തവണ പാതയിൽ നിന്നും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയതാണ്. ഏറ്റവും ഒടുവിൽ ആരണ്യകം പദ്ധതി ഭാഗമായി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രവർത്തകർ മാലിന്യങ്ങൾ നീക്കി ശുചീകരണം നടത്തിയതാണ്. അന്ന് വൃത്തിയായ ഈ പാതയിൽ ഇപ്പോൾ പഴയ അവസ്ഥയിൽ മാലിന്യങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

പാതയുടെ തുടക്കത്തിൽ രാത്രിയിൽ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ്‌ വനം വകുപ്പ് സ്ഥാപിച്ച് വാഹന പരിശോധന നടത്തിയാൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാൻ കഴിയുമെന്നും ആവശ്യമെങ്കിൽ സഹായം നൽകാൻ ഒരുക്കമാണെന്നും നാട്ടുകാർ പറയുന്നു. നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു. ശക്തമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കാതെ മാലിന്യമിടൽ ഒഴിയില്ലന്ന് നാട്ടുകാർ പറയുന്നു.

error: Content is protected !!