കാഞ്ഞിരപ്പള്ളിയുടെ പ്രിയ വാനമ്പാടി അഞ്ജു ജോസഫ് വിവാഹിതയായി.
കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രശസ്ത ഗായികയും സിനിമാ നടിയുമായ അഞ്ജു ജോസഫ് വാലുമണ്ണേൽ വീണ്ടും വിവാഹിതയായി.
ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അഞ്ജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ആദിത്യ പരമേശ്വരനാണ് വരൻ. ആലപ്പുഴ റജിസ്റ്റർ ഒാഫിസിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇതിനു ശേഷം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷനും നടത്തി. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് വാലുമണ്ണേൽ രാജു ഡൊമിനിക്കിന്റെയും മിനിയുടെയും മകളാണ് അഞ്ജു . ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. 2011-ൽ മലയാളം സിനിമയായ ‘ഡോക്ടർ ലൗ’ വിൽ പിന്നണി ഗായികയായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.
ഗന്ധർവ്വ സംഗീതം എന്ന ഷോയുടെ മൂന്നാം റണ്ണർ അപ്പ് ആയി. കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലും സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ജു , എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ഡോക്ടർ ലവ് , അലമാര , അവരുടെ രാവുകൾ , ഓർമകളിൽ ഒരു മഞ്ഞുകാലം , C/O സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അവർ തന്റെ കരിയർ ആരംഭിച്ചത് . തെലുങ്ക് സിനിമാ രംഗത്തും അഞ്ജു ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു .
അർച്ചന 31 നോട്ടൗട്ട്, റോയ് എന്നി സിനിമകളിൽ അഭിനയിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . വിവിധ വിദേശ രാജ്യങ്ങളിൽ നിരവധി ആരാധകരുള്ള അഞ്ജു , നിലവിൽ അമേരിക്കയിലും , യൂറോപ്പിലും , ഗൾഫ് രാജ്യങ്ങളിലും വിവിധ സംഗീത ഷോകൾ നടത്തിവരുന്നു. അവതാരകയായും പല ചാനലുകളിൽ അഞ്ജു സജീവമാണ്.