എരുമേലി വിമാനത്താവള പദ്ധതി ഹിയറിങ്ങ് : പുനരധിവാസ പാക്കേജ് സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് ആശങ്കയോടെ പ്രദേശവാസികൾ ..
എരുമേലി : നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് നടത്തിയ പരിസ്ഥിതി സാമൂഹിക ആഘാത പഠനത്തിന്റെ പബ്ലിക് ഹിയറിങ്ങ് ആശങ്കകളിൽ കുരുങ്ങി പ്രക്ഷുബ്ധമായി. വെള്ളിയാഴ്ച രാവിലെ പത്തിന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടന്ന ഹിയറിങ് പൊതുജന സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. പദ്ധതിക്ക് സ്ഥലം നൽകേണ്ടി വരുന്ന കുടുംബങ്ങളാണ് ഏറെയും പങ്കെടുത്തത്. പുനരധിവാസ പാക്കേജ് സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് ഹിയറിങ്ങിൽ നാട്ടുകാർ ആക്ഷേപങ്ങൾ ഉന്നയിച്ചു.
ഇതിന് മറുപടി നൽകി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസംഗിച്ചപ്പോൾ നാട്ടുകാരിൽ ഒരു സംഘം പേർ ഇത് തടസപ്പെടുത്താൻ ശ്രമിച്ചു. ജനപ്രതിനിധികൾ മറുപടി പറയേണ്ടെന്ന നിലപാടിലായിരുന്നു നാട്ടുകാരിൽ ചിലർ. പ്രസംഗം പൂർത്തിയാക്കാതെ ഒടുവിൽ എംഎൽഎ വേദി വിട്ടിറങ്ങിപ്പോയി.
ഏറ്റവും മാതൃകാപരമായ സമീപനം ആണ് പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞ എംഎൽഎ നാടിന്റെ സമ്പൂർണ വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയെ തകിടം മറിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലന്ന് പറഞ്ഞു. അതേസമയം ഹിയറിങ്ങിൽ പങ്കെടുത്ത് സംസാരിച്ച നാട്ടുകാർ പദ്ധതി വരുമെന്ന് സർക്കാർ ഉറപ്പ് പറയുന്നത് വെറുതെ ആണെന്ന് ആരോപിച്ചു.
വിമാനത്താവളത്തിന് ആവശ്യത്തിലേറെ സ്ഥലം ചെറുവള്ളി എസ്റ്റേറ്റിൽ ഉണ്ടെന്നിരിക്കെ പരിസരവാസികളെ കുടിയൊഴിപ്പിച്ച് എല്ലാ സ്ഥലങ്ങളും പിടിച്ചെടുക്കുന്ന നീക്കം ദുരൂഹത സൃഷ്‌ടിച്ചിരിക്കുകയാണെന്നും നിർദിഷ്‌ട പദ്ധതി ആഭ്യന്തര വിമാനത്താവളമാണെന്നും കണ്ണൂർ വിമാനത്താവളത്തിന് സംഭവിച്ച പോലെ വൻ നഷ്ടം നേരിടേണ്ടി വരുമെന്നും പറഞ്ഞു. നിയമ പ്രശ്നങ്ങൾ നിറഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിയില്ലന്നും അങ്ങനെ സാധിക്കണമെങ്കിൽ ഒട്ടേറെ കാലതാമസവും സങ്കീർണമായ നിയമ വ്യവഹാരം നേരിടേണ്ടി വരുമെന്നും ആക്ഷേപങ്ങൾ ഉന്നയിച്ച് സംസാരിച്ചച്ചവർ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ കൊടുമൺ എസ്റ്റേറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചിലർ ചൂണ്ടിക്കാട്ടി. ആദ്യത്തെ പഠന റിപ്പോർട്ട് കോടതി എതിർപ്പ് മൂലം ഒഴിവാക്കിയതിനാൽ പെട്ടന്ന് തട്ടിക്കൂട്ടിയ റിപ്പോർട്ട് ആണ് ഇപ്പോഴത്തെ എന്ന് ചിലർ ആക്ഷേപം ഉന്നയിച്ചു. എല്ലാ വീടുകളിലും ഇതിന്റെ സർവേ നടന്നിട്ടില്ലന്നും ജനങ്ങൾ പറയാത്ത കാര്യങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളതെന്നും ആക്ഷേപം ഉയർന്നു.
അതേസമയം പഠന ചുമതല വഹിച്ച ഏജൻസി പ്രതിനിധികൾ മറുപടി പറഞ്ഞെങ്കിലും തടസവാദങ്ങൾ പലരും ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയായിരുന്നു. പ്രൊജക്റ്റ് ഓഫിസർ ഡോ. എൽ ആര്യ കരട് റിപ്പോർട്ട് അവതരിപ്പിച്ചു. സിവിൽ ഏവിയേഷൻ സീനിയർ ടെക്നിക്കൽ കൺസൽട്ടന്റ് കെ പി ജോസ് പദ്ധതി വിശദീകരണം നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികൾ സംബന്ധിച്ച് സ്പെഷ്യൽ തഹസീൽദാർ ടി എൻ വിജയൻ വിശദീകരിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ അലി അൻസിഫ് നന്ദി പറഞ്ഞു. ഭാരത് മാതാ കോളേജ് സോഷ്യൽ വർക്ക് വിഭാഗം ആണ് പഠനം നടത്തി കരട് റിപ്പോർട്ട് തയ്യാറാക്കിയത്.

