അമ്മമാരെ നിങ്ങള്‍ ഭാഗ്യവതികളാണ്: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: കുടുംബം ദൈവിക പുണ്യങ്ങളുടെ വിളനിലമാണെന്നും ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ അമ്മമാരെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതാ മാതൃവേദി വാര്‍ഷികം പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ വിശ്വസിക്കുകയും ദൈവം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളോട് വിശ്വസ്തത പുലര്‍ത്തുകയും ചെയ്യണം. പ്രതിസന്ധികളില്‍ പതറാതെ ഇതിന് പരിഹാരമാകാന്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുകയും കുടുംബത്തിലും സമൂഹത്തിലും സ്‌നേഹത്തിന്റെ ചാലകശക്തികളായി മാറുകയും ചെയ്യണമെന്ന് അമ്മമാരെ മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.
‘തൂവാനീസ’ എന്ന പേരില്‍ നടന്ന രൂപതാ മാതൃവേദി വാര്‍ഷികത്തിന് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സ്വാഗതമരുളുകയും മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത് ആശംസ നേരുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിബിന്‍ പുളിക്കക്കുന്നേല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ, രൂപതാ സെക്രട്ടറി മിനി കരിയിലക്കുളം എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനമികവിന് ഫൊറോന അടിസ്ഥാനത്തില്‍ ഹൈറേഞ്ച് മേഖലയില്‍ അണക്കര, ലോറേഞ്ച് മേഖലയില്‍ കാഞ്ഞിരപ്പള്ളി, തെക്കന്‍ മിഷനില്‍ പത്തനംതിട്ട എന്നിവയും യൂണിറ്റുകളില്‍ മേരികുളം, എയ്ഞ്ചല്‍വാലി, വെച്ചൂച്ചിറ, പാലമ്പ്ര, പുറക്കയം എന്നീ ഇടവകകളും ട്രോഫികള്‍ കരസ്ഥമാക്കി. 2025-26 വര്‍ഷങ്ങളിലെ മാതൃവേദിയുടെ പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്വമേറ്റെടുക്കുകയും പഴയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തു.
രൂപതാ കലോത്സവങ്ങള്‍ക്ക് ഒന്നാം സ്ഥാനങ്ങള്‍ ലഭിച്ച പ്രോഗ്രാമുകളുടെ അവതരണങ്ങള്‍ സമ്മേളനത്തിന് കൂടുതല്‍ ഉണര്‍വ്വേകി. രൂപതയിലെ 148 ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ മീറ്റിംഗില്‍ സംബന്ധിച്ചു. രൂപത, ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വാര്‍ഷികത്തിന് നേതൃത്വം നല്‍കി.