നിയന്ത്രണം വിട്ട കാർ അയ്യപ്പഭക്തരെ ഇടിച്ചുതെറിപ്പിച്ചു : പരിക്കേറ്റ മൂന്ന് പേർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ..
കണമല : നിയന്ത്രണം തെറ്റിയ കാർ റോഡിൽ നിർത്തിയിട്ടിരുന്ന ബസിന്റെ പുറകിലേക്ക് ഇടിച്ചുകയറി ബസിന്റെ സമീപത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അയ്യപ്പ ഭക്തരെ ഇടിച്ചു തെറിപ്പിച്ചു . ബസിന്റെ സമീപം റോഡിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അയ്യപ്പഭക്തരായ മൂന്ന് പേരെയാണ് ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് ട്രിച്ചി സ്വദേശികളായ ശരവണൻ, ശങ്കർ, സുരേഷ് എന്നിവരാണ് ചികിത്സയിലുള്ളത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ പമ്പ – ശബരിമല പാതയിൽ കണമല ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിന് അടുത്താണ് അപകടം. നിയന്ത്രണം തെറ്റിയ കാറിന്റെ ഡ്രൈവർക്കും ഉടമയ്ക്കും എതിരെ കേസെടുത്തെന്ന് പോലിസ് അറിയിച്ചു. പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്‌സും എത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘം റോഡിൽ ഇരുന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അപകടം.