ഒടുവിൽ റബ്ബർ കർഷകർ പ്രതികരിച്ചു ; എല്ലാവരും ഒരുമിച്ചു വിപണി ബഹിഷ്കരിച്ചത്തോടെ റബ്ബർ വില കുതിച്ചുകയറി ..
കാഞ്ഞിരപ്പള്ളി : ഐക്യമത്യം മഹാബലം എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് നമ്മുടെ റബ്ബർ കർഷകർ . മഴക്കാലത്ത് ടാപ്പിംഗ് നിലച്ച് ഉത്പാദനം കുറഞ്ഞിട്ടും റബർവില ഇടിക്കാനുള്ള ടയർലോബിയുടെ കളി പൊളിച്ച സന്തോഷത്തിനാണ് റബ്ബർ കർഷകർ. റബ്ബർ വില 164 ലേക്ക് നിലംപൊത്തിയതോടെ, വില ഇരുന്നൂറിൽ എത്തുന്നതുവരെ എല്ലാവരും ഒരുമിച്ചു വിപണി ബഹിഷ്കരിക്കും എന്ന തീരുമാനത്തിൽ റബ്ബർ കർഷകർ ഒന്നടങ്കം ഉറച്ചു നിന്ന് പ്രവർത്തികമാക്കിയതോടെ, റബ്ബർ വില കുതിക്കുന്നു . വില 200 ലേക്ക് അതിവേഗം അടുക്കുകയാണ്. ലാറ്റക്സ്, ഒട്ടുപാൽ വിലയിലും വർദ്ധനവ് ഉണ്ട്.
ഉത്പാദന ചെലവായ 200 രൂപ ലഭിക്കും വരെ വിപണി ബഹിഷ്കരിക്കാൻ റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. ഷീറ്റ് വില 255 ൽ നിന്ന് 164 ലേക്ക് നിലംപൊത്തിയതോടെയായിരുന്നു ഇങ്ങനെയൊരു സർജിക്കൽ സ്ട്രൈക്ക് നടത്തുവാൻ കർഷകർ തീരുമാനം എടുത്തത് . അത് ഫലം കണ്ടു.
കഴിഞ്ഞ ദിവസം റബർബോർഡ് വില 199 ൽ എത്തിയതോടെ 200 രൂപയ്ക്ക് മുകളിൽ കച്ചവടം നടന്നു. ഷീറ്റ് ഉത്പാദന ചെലവ് കൂടിയതോടെ കർഷകർ ലാറ്റക്സിലേക്ക് തിരിഞ്ഞിരുന്നു. ഇത് പ്രോത്സാഹിപ്പിക്കാതെ എല്ലാവരും ഷീറ്റിലേക്ക് മാറണമെന്ന് റബർ ബോർഡ് നിർദ്ദശം.എന്നാൽ ഷീറ്റിന് ഉയർന്ന വില നിശ്ചയിക്കുന്നതിന് വ്യാപാരികളിൽ സമ്മർദ്ദം ചെലുത്തുന്നില്ല. കാലാവസ്ഥാ വ്യതിയാനം കാരണം ഉത്പാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വില കയറിയതാണ് ആഭ്യന്തര വില വർദ്ധനവിനും കാരണം
വ്യാപാരികൾ ബോർഡ് വിലയിലും എട്ടു രൂപ കുറച്ച് ചരക്ക് എടുക്കുന്നതിനാൽ വില വർദ്ധനവിന്റെ നേട്ടം ചെറുകിട കർഷകർക്കില്ല. വ്യാപാരി വിലയും റബർബോർഡ് വിലയും തമ്മിൽ അഞ്ചുരൂപയുടെ വ്യത്യാസം സമീപ ദിവസങ്ങളിലാണ് എട്ടായത്. വ്യാപാരികളുടെ ചൂഷണത്തിന് ബോർഡും കൂട്ടുനിൽക്കുകയാണെന്നാണ് പരാതി. മേൽത്തരം ഷീറ്റ് ചെറുകിട കർഷകർ നൽകാൻ തയ്യാറാകാത്തതാണ് വില വ്യത്യാസത്തിനു കാരണമെന്ന് റബർബോർഡും പറയുന്നു.