ഫിലാറ്റലി പുൽക്കൂട് ഒരുക്കി എ.കെ.ജെ.എം. സ്കൂൾ
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വളരെ വർണാഭമായി നടന്നു. ഓരോ വർഷവും പുതുമയാർന്ന ആശയവുമായി പുൽക്കൂട് ഒരുക്കുന്ന ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ.യാണ് ഈ വർഷവും പുൽക്കൂട് ഒരുക്കുന്നതിന് നേതൃത്വം നൽകിയത്. ക്രിസ്മസുമായി ബന്ധപ്പെട്ട നിരവധി സ്റ്റാമ്പുകൾ മാത്രം ഉപയോഗിച്ചാണ് ഈ വർഷം അദ്ദേഹം ക്രിബ് ഒരുക്കിയത്. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ 150 ാം വർഷം ആഘോഷിക്കുന്ന ഈ വർഷം ഭൂരിഭാഗവും സ്വിറ്റ്സർലണ്ടിലെ സ്റ്റാമ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. യൂണിയന്റെ ആസ്ഥാനം സ്വിറ്റ്സർലണ്ടിലെ ബേൺ ആണ്. കഴിഞ്ഞ വർഷം ഉപയോഗശൂന്യമായ പേനകൾ ഉപയാഗിച്ചായിരുന്നു പുൽക്കൂട് ഒരുക്കിയത്.
കാഞ്ഞിരപ്പള്ളി പോസ്റ്റൽ ഡിവിഷൻ അസിസ്റ്റന്റ് സൂപ്പണ്ടന്റ് മാത്യു ജേക്കബ് പുൽക്കൂടിന്റെ പ്രദർശനോദ്ഘാടനം നിർവ്വഹിച്ചു. ഫിലാറ്റലി സൊസൈറ്റി കോട്ടയം പ്രസിഡന്റ് ജോസഫ് കയ്യാലയ്ക്കൽ, സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ ചുണ്ടംതടം എസ്.ജെ., പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി.
വാദ്യമേളങ്ങളുടെയും ഗാനങ്ങളുടെയും അകമ്പടിയോടെ എത്തിയ നിരവധി ക്രിസ്മസ് പപ്പാമാരൊടൊപ്പം കുട്ടികൾ ക്രിസ്മസിനെ വരവേറ്റു. തുടർന്ന് എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങളുടെ കരോൾ ഗാന മത്സരവും ഉണ്ടായിരുന്നു. ക്രിസ്മസ് ഗാനങ്ങൾക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വച്ചു.