ബ്രേക്ക് നഷ്‌ടപ്പെട്ട ശബരിമല തീർഥാടകരുടെ ബസ് റോഡിലേക്ക് മറിഞ്ഞു .. വൻ ദുരന്തം ഒഴിവാക്കി സമർത്ഥനായ ദയാലുവായ ഡ്രൈവർ..
പെരുവന്താനം : ബ്രേക്ക് നഷ്‌ടപ്പെട്ട ശബരിമല തീർഥാടകരുടെ മിനി ബസ് തിട്ടയിൽ ഇടിച്ചു നിർത്താൻ ശ്രമിക്കവേ റോഡിലേക്കു മറിഞ്ഞു. മൂന്ന് പേർക്കു പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തീർഥാടകരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്ക് നഷ്‌ടപ്പെട്ട ബസ് രണ്ടു കിലോമീറ്റർ ദൂരം വേഗത കുറച്ചു കൊണ്ടു പോയ ശേഷം ഡ്രൈവർ തിട്ടയിലേക്കു ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് കെകെ റോഡിൽ മൂന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ബസ് ഉയർത്തി മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃരാരംഭിച്ചത്. അപകടത്തെ തുടർന്ന് തീർഥാടകർ ഉൾപ്പടെ നൂറുകണക്കിനു യാത്രക്കാർ വലഞ്ഞു.
21 യാത്രക്കാരുമായി ചെങ്കൽപേട്ടയിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസിന്റെ ബ്രേക്ക് ചുഴിപ്പ് ഭാഗത്തെ വളവിൽ വച്ചു നഷ്ടപ്പെട്ടത് ഡ്രൈവർ മനസ്സിലാക്കിയിരുന്നു. എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുന്നതിനു പുറമേ വാഹനം ഇടിച്ചു നിർത്താൻ നോക്കിയെങ്കിലും സുരക്ഷിതമായ ഇടം കണ്ടെത്താനായില്ല. പെരുവന്താനം ജംക്‌ഷനിൽ എത്തിയപ്പോൾ സമാന്തപാതയിലേക്കു കയറ്റാൻ നോക്കിയപ്പോൾ ഇവിടെ ഓട്ടോറിക്ഷകൾ കിടക്കുന്നത് കണ്ടു ശ്രമം ഉപേക്ഷിച്ചു. പിന്നിട് സെന്റ് ആന്റണീസ് കോളജിനു സമീപത്ത് എത്തിയപ്പോൾ ഇവിടെ വിദ്യാർഥികൾ കൂട്ടം കൂടി നിൽക്കുന്നതിനാൽ ഇവിടേക്കും ഇടിപ്പിക്കുന്നതിനു കഴിഞ്ഞില്ല.