കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസ് : പ്രതിക്ക് ലഭിച്ചത് കടുത്ത ശിക്ഷ ; ആദ്യം എട്ടും വർഷം തടവ് ; ശേഷം ഇരട്ട ജീവപര്യന്തം .. വിധിയിൽ പൂർണ തൃപ്തരാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ .
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ വിധിയിൽ പൂർണ തൃപ്തരാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ ടി.എസ് അജയൻ പറഞ്ഞു . വധശിക്ഷ നൽകാത്ത സാഹചര്യത്തിൽ പ്രതിക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് നൽകിയിരിക്കുന്നത്. ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതുകൂടാതെ 440-ാം വകുപ്പ് അനുസരിച്ച് ഭവനഭേദനത്തിന് ആറുവർഷവും ആളുകളെ ഭീഷണിപ്പെടുത്തിയതിന് രണ്ടുകൊല്ലവും ആയുധ നിയമമനുസരിച്ച് മൂന്ന് മാസത്തിനും ശിക്ഷിച്ചു. ഇങ്ങനെ എട്ടുവർഷവും മൂന്ന് മാസവുമുള്ള ശിക്ഷ ആദ്യം അനുഭവിക്കണം. ഒന്നിന് പിറകേ ഒന്നായി അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്. ഇതുകൂടാതെ 20 ലക്ഷം പിഴയായി ചുമത്തിയിട്ടുണ്ട്. ഈ തുക രഞ്ജുവിവിന്റെ ഭാര്യയ്ക്കും രഞ്ജുവിന്റെ പ്രായപൂർത്തിയാകാത്ത നാലുമക്കൾക്കും നൽകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും കോട്ടയം സെഷൻസ് കോടതി വിധിച്ചത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.