കണ്ണിമല ഇറക്കത്തിൽ വീണ്ടും അപകടം. ഓമ്നി വാൻ ക്രാഷ് ബാരിയറിൽ ഇടിച്ചു മറിഞ്ഞു.

എരുമേലി : ശബരിമല സീസണിൽ അപകടങ്ങൾ വർധിച്ച മുണ്ടക്കയം – എരുമേലി പാതയിലെ കണ്ണിമല ഇറക്കത്തിൽ വീണ്ടും അപകടം. ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ ഓമ്നി വാൻ ഇറക്കം അവസാനിക്കുന്ന ഹെയർ പിൻ വളവിൽ ക്രാഷ് ബാരിയറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ പത്ത് മണിയോടെ ആണ് സംഭവം. കോരുത്തോട് സ്വദേശി അദ്ധ്യാപകൻ സഞ്ചരിച്ച വാഹനം ആണ് മറിഞ്ഞത്. അപകടത്തിൽ ഓമ്നി വാൻ നിശേഷം തകർന്നു.

മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ് സോൺ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാൻ ഉയർത്തി റിക്കവറി ക്രയിൻ ഉപയോഗിച്ച് നീക്കി. ഇത്തവണ ശബരിമല സീസൺ ആരംഭിച്ച ശേഷം ഈ ഭാഗത്ത്‌ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുകയാണ്. ഇറക്കത്തിൽ നിയന്ത്രണം തെറ്റി എത്തുന്ന വാഹനങ്ങൾ വൻ അപകടത്തിൽ ആകാതെ ഇടിച്ചു നിൽക്കാൻ ക്രാഷ് ബാരിയർ സ്ഥാപിക്കുകയും റോഡ് നവീകരിക്കുകയും ചെയ്തെങ്കിലും ശബരിമല സീസണിൽ അപകടങ്ങൾ തുടർച്ചയാവുകയാണ്. ക്രാഷ് ബാരിയറിൽ ഇടിക്കുമ്പോൾ ആഘാതം കുറയ്ക്കാൻ പഴയ ടയറുകൾ കൊണ്ട് സംരക്ഷണ മറ വെച്ചത് ഇപ്പോൾ ദുർബലമായ നിലയിലാണ്. ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയില്ലങ്കിൽ വാഹന തിരക്കേറുന്ന ശബരിമല മകരവിളക്ക് സീസണിൽ അപകടങ്ങൾ വർധിക്കുമെന്ന് നാട്ടുകാർ പറയുന്നു.

error: Content is protected !!