ഇന്‍ഫാം കർഷക കൂട്ടയ്മയുടെ കലാസന്ധ്യ – കൈക്കോട്ടും ചിലങ്കയും
പാറത്തോട്: സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കര്‍ഷകരുടെ മേല്‍ ക്രൂരതയുടെ ശരം തൊടുക്കാന്‍ വന്യതയുടെ വില്ലും കുലച്ചു നില്‍ക്കുന്ന വനംവകുപ്പിനോട് മാനിഷാദ അഥവാ അരുതേ കാട്ടാളാ എന്നു പറയാന്‍ ഈ കാലഘട്ടത്തിന്റെ സാഹിത്യകാരന്മാരും കലാകാരന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും അധികാരികളും ശക്തമായി കടന്നുവരണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ – കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ ഒരുമിച്ചു കൈകോര്‍ത്താല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇന്നു കര്‍ഷകര്‍ നേരിടുന്ന പല കരിനിയമങ്ങളും മാറ്റിയെഴുതിയേ മതിയാകൂ എന്ന് രാഷ്ട്രീയ, സാമൂഹ്യ നേതാക്കളോടു പറയാന്‍ മടിക്കരുതെന്നും പറയുന്നതിന്റെ ഫലം കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഒരുമിച്ചു നില്‍ക്കുമെന്ന് വ്യക്തമായ സന്ദേശം നല്‍കുന്ന സന്ധ്യയാണ് ഈ കലാസന്ധ്യയെന്നും നമുക്ക് ഒരുമിച്ചു മുന്നേറാമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
വികാരി ജനറാള്‍മാരും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹരക്ഷാധികാരികളുമായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശ്ശേരി, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവ് അംഗം സണ്ണി അരഞ്ഞാണിപുത്തന്‍പുര, ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവ് അംഗം മാത്യു മാമ്പറമ്പില്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, കട്ടപ്പന കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ വര്‍ഗീസ് കുളമ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാം അംഗങ്ങളായ കര്‍ഷകരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമാണ് ‘കൈക്കോട്ടും ചിലങ്കയും’എന്ന കലാസന്ധ്യ. കാര്‍ഷികജില്ലയിലെ 12 താലൂക്കുകളില്‍ നിന്നുമുള്ള കര്‍ഷകരായ കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.