മണിമലയാറ്റിൽ നിന്നും ഒന്നര കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷിനെ പിടികൂടി

എരുമേലി : പതിവുപോലെ മണിമലയാറ്റിൽ മീൻ പിടുത്തത്തിന് ഇറങ്ങിയ കുറുവാമുഴി തഴയ്ക്കൽ തോമാച്ചന് കയ്യിൽ കിട്ടിയത് ഒന്നര കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷ്. മത്സ്യസമ്പത്തിന് ഭീഷണിയായ പൂച്ച മത്സ്യം എന്ന് അറിയപ്പെടുന്ന സക്കർ ക്യാറ്റ് ഫിഷ് അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമാണ്.

ഈ മത്സ്യം മറ്റ് മത്സ്യങ്ങളുടെ മുട്ടകൾ ഭക്ഷിക്കുമെന്നതിനാലും തീറ്റ കൂടുതൽ വേണമെന്നുള്ളതും മൂലം മിക്കവരും അക്വേറിയങ്ങളിൽ നിന്നൊഴിവാക്കി കൊണ്ടിരിക്കുകയാണ്. അക്വേറിയങ്ങൾ ശുചീകരിക്കുന്ന മത്സ്യം എന്ന നിലയിലാണ് ആദ്യം ഇവ അറിയപ്പെട്ടിരുന്നത്. മറ്റ് മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ഇവ ഭക്ഷിക്കുമെന്നതിനാൽ അക്വേറിയങ്ങൾ വൃത്തിയാക്കുന്ന മത്സ്യമായാണ് സക്കർ ക്യാറ്റ് ഫിഷ് പലരും വാങ്ങി വളർത്തിയിരുന്നത്. എന്നാൽ ചെറു മത്സ്യമായി ഇത് വളരുമ്പോൾ വൃത്തിയാക്കൽ നടത്തുമെങ്കിലും വളർച്ച കൂടുമ്പോൾ ഭക്ഷണം തികയാതാകും. ഈ മത്സ്യത്തിന് ഭക്ഷണം കൂടുതൽ വേണ്ടിവരുമ്പോൾ ഫിഷ് ടാങ്കിൽ ഇടുന്ന തീറ്റ മറ്റ് മത്സ്യങ്ങൾക്ക് കിട്ടാതെയാകും. ഒപ്പം മറ്റ് മത്സ്യങ്ങളുടെ വളർച്ച നിലയ്ക്കുന്ന നിലയിലേക്ക് സക്കർ ക്യാറ്റ് ഫിഷ് വളർന്ന് വലുതാകും. പുറത്തുള്ള ശൽക്കങ്ങൾ മൂലം മറ്റ് മത്സ്യങ്ങൾ സക്കർ ക്യാറ്റ് ഫിഷിന് ഭീഷണിയാകുന്നില്ല.

ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞവർ ഇങ്ങനെ വീടുകളിലെ അക്വേറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്ന സക്കർ ക്യാറ്റ് ഫിഷ് ജലാശയങ്ങളുടെ അടിത്തട്ടിൽ നിശ്ശബ്ദ ഭീഷണിയായി പെറ്റുപെരുകുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ പല പുഴകളിലും വ്യാപിച്ചതായി കഴിഞ്ഞയിടെ ഫിഷറീസ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിൽ വെളിപ്പെടുത്തിയിരുന്നു.

തെക്കേ അമേരിക്കൻ ഇനമാണു സക്കർ ഫിഷ്. വാങ്ങുമ്പോൾ ചെറുതാണെങ്കിലും മീനുകൾ പെട്ടെന്നു വലുതാകും. ഇതോടെ അക്വേറിയത്തിൽ വളർത്താൻ കഴിയാതെയാകും. പിന്നീട് ഇവയെ കുളങ്ങളിലും പുഴകളിലും ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. വളരെ വേഗത്തിൽ പെറ്റുപെരുകുന്ന ഇവ തനതു മീനുകളെ നശിപ്പിക്കുന്നതു ഗുരുതരപ്രശ്നമാണെന്നു പഠനം നടത്തിയ കേരള സർവകലാശാലയിലെ പ്രഫസർ എ.ബിജുകുമാർ, ഫിഷറീസ് സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.രാജീവ് രാഘവൻ എന്നിവർ പറയുന്നു.

error: Content is protected !!