ചന്ദനക്കുടാഘോഷത്തിന് കൊടിയേറി… ജനുവരി 10 ന് മതമൈത്രിക്ക് പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം

എരുമേലി : സ്വാമി ശരണം വിളികളിൽ മുഖരിതമായ നൈനാർ ജുമാ മസ്ജിദ് കവാടത്തിൽ ഹിന്ദു – മുസ്ലിം ബന്ധത്തിന്റെ ഊഷ്മളതയായി ചന്ദനക്കുടാഘോഷത്തിന് കൊടി ഉയർന്നു. ചെണ്ടകളുടെയും താളമേളവാദ്യങ്ങളുടെയും പ്രകമ്പനത്തിൽ ചൊവ്വാഴ്ച സന്ധ്യയോടെ നടന്ന കൊടിയേറ്റിൽ അയ്യപ്പഭക്തർ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. മസ്ജിദിൽ നടന്ന കൊടിയേറ്റിന് ഭാരവാഹികളും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ്‌ നാസർ പനച്ചി കൊടിയേറ്റ് നിർവഹിച്ചു.

ഇനി പത്ത് നാളുകൾ പിന്നിടുമ്പോൾ നാടിന്റെ ഉത്സവമായ ചന്ദനക്കുട ആഘോഷം അരങ്ങേറും. അന്ന് രാത്രി പുലരുന്നത് ചരിത്രം നിറയുന്ന പേട്ടതുള്ളലിനാണ്. കാലങ്ങൾക്ക്‌ അപ്പുറത്ത് എന്നോ പൂർവികർ തുടങ്ങി വെച്ച മതമൈത്രിയുടെ ചന്ദനക്കുട ആഘോഷത്തിനാണ് നൈനാർ ജുമാ മസ്ജിദിൽ കൊടി ഉയർന്നത്. അയ്യപ്പ ഭക്തർക്ക് മുസ്ലിം ജമാഅത്ത് പകരുന്ന അഭിവാദ്യമാണ് ചന്ദനക്കുട ആഘോഷം. എരുമേലിയിൽ എത്തുന്ന അയ്യപ്പ ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം എതിരെയുള്ള നൈനാർ ജുമാ മസ്ജിദിൽ കയറി വലം ചുറ്റി പ്രാർത്ഥിച്ച ശേഷമാണ് പേട്ടതുള്ളി ശബരിമല യാത്ര തുടരുക. കാലങ്ങളായുള്ള ഈ ആചാരം ലോകത്ത് മതമൈത്രിയുടെ നാടാക്കി എരുമേലിയ്ക്ക് കീർത്തി പകർന്നു.

ഈ മാസം 10 നാണ് ചന്ദനക്കുട ആഘോഷം. അന്ന് വൈകിട്ട് വർണ ശബളമായ ഘോഷയാത്ര നാട് ചുറ്റും. മന്ത്രിമാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വ്യാപാരി സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയതിനൊടുവിൽ ക്ഷേത്രത്തിൽ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ച് ഘോഷയാത്രയെ വരവേൽക്കും. പുലർച്ചെയോടെ ചന്ദനക്കുട റാലി മസ്ജിദിൽ മടങ്ങി വന്ന ശേഷം രാവിലെ ആണ് ഐതിഹ്യ പ്രസിദ്ധമായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ. സംഘത്തെ മസ്ജിദിൽ സ്വീകരിക്കും. തുടർന്ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ കഴിയുന്നതോടെ മകരവിളക്ക് ഉത്സവകാലത്തെ എരുമേലിയിലെ ആഘോഷങ്ങൾ പൂർണമാകും. മസ്ജിദിൽ നടന്ന കൊടിയേറ്റിന് ഭാരവാഹികളും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ്‌ നാസർ പനച്ചി കൊടിയേറ്റ് നിർവഹിച്ചു. ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട് അധ്യക്ഷനായിരുന്നു.

error: Content is protected !!