ദേശീയ 3 x 3 ബാസ്കറ്റ് ബോൾ: ജയിൻ സർവ്വകലാശാലയും, മഹാത്മ ഗാന്ധി സർവ്വകലാശാലയും വിജയികൾ.

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളേജിൽ നടന്ന ദേശീയ അന്തർ-സർവ്വകലാശാല 3X3 ബാസ്ക്കറ്റ്ബോൾ ഫൈനലിൽ 14 നെതിരെ 21 പോയിന്റ്കൾക്ക് രാജസ്ഥാനിലെ കോട്ടാ സർവ്വകലാശാല ടീമിനെ തോൽപിച്ച് ബാംഗ്ലൂർ ജയിൻ സർവ്വകലാശാല അഖിലേന്ത്യാ അന്തർ-സർവ്വകലാശാലാ 3 x 3 ബാസ്കറ്റ് ബോൾ പുരുഷ ചാമ്പ്യൻമാരായി. 4 നെതിരെ 21 പോയിന്റ്കൾക്ക് ചെന്നൈ എസ്. ആർ. എം. സർവ്വകലാശാലയെ തോൽപിച്ച മഹാത്മ ഗാന്ധി സർവ്വകലാശാലയാണ് വനിതാ വിഭാഗം ചാമ്പ്യൻമാരായത്.

ജർമ്മനിയിൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട ടീമിന്റെ സെലക്ഷനും ഇതോടൊപ്പം നടന്നു. അതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തവരിൽ നിന്നും ഏറ്റവും മിടുക്കരായ പത്തുപേരെ, വിദഗ്ദ സമിതി തിരഞ്ഞെടുത്തു .

രാജ്യത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമുള്ള അറുപതോളം ശക്തരായ സർവ്വകലാശാല ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ചെന്നൈ എസ്. ആർ. എം സർവ്വകലാശാലയുടെയും , ബാംഗ്ലൂർ സിറ്റി സർവ്വകലാശാലയുടെയും ടീമുകൾ പുരുഷവിഭാഗത്തിൽ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ സ്വന്തമാക്കി. വനിതാവിഭാഗത്തിൽ മൂന്ന്, നാല് സ്ഥാനങ്ങൾ യഥാക്രമം കാലിക്കറ്റ്‌ സർവ്വകലാശാലയുടെയും , മദ്രാസ് സർവ്വകലാശാലയുടെയും ടീമുകളാണ് നേടിയത്. മത്സരങ്ങളിൽ മിക്ക ടീമുകളും മികച്ച നിലവാരം പുലർത്തിയെന്ന് എം. ജി സർവ്വകലാശാല കായിക വകുപ്പ് മേധാവി ഡോ ബിനു ജോർജ്ജ് അഭിപ്രായപ്പെട്ടു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആദ്യം ലൂസേഴ്സ് ഫൈനൽ മത്സരങ്ങളാണ് നടന്നത്. തുടർന്നു നടന്ന വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ ആവേശം അണപൊട്ടി .
സമാപന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആന്റോ ആന്‍റണി എം. പി സമാപന പ്രഭാഷണം നടത്തി, സംഘാടക സെക്രട്ടറിയായ എം. ജി സർവ്വകലാശാല കായിക വകുപ്പു മേധാവി ഡോ. ബിനു ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, സിൻഡിക്കേറ്റംഗങ്ങൾ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് . അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി. ആർ അനുപമ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്‍റ് ഡോ ബൈജു ഗുരുക്കൾ, സെക്രട്ടറി മായാദേവി എൻ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, വജ്രജൂബിലി കൺവീനർ പ്രൊഫ. ബിനോ പി ജോസ്, സെന്‍റ് ഡൊമിനിക്സ് കോളജ് കായികവകുപ്പു മേധാവി പ്രൊഫ പ്രവീൺ തര്യൻ എന്നിവർ സന്നിഹിതരായിരുന്നു.

3×3 ബാസ്കറ്റ് ബോൾ മത്സരങ്ങൾ ട്വൻ്റി ട്വൻ്റി ക്രിക്കറ്റു പോലെ ദൈർഘ്യം കുറഞ്ഞതാണെന്നും കൂടുതൽ ഊർജ്ജസ്വലവും പരിശീലനം ആവശ്യമുള്ളതുമാണെന്നും കാണികൾ വിലയിരുത്തി. ആദ്യമായി കാഞ്ഞിരപ്പള്ളിയിലെത്തിയ ദേശീയ കായിക മത്സരത്തിന് പ്രദേശവാസികൾ വലിയ പ്രോത്സാഹനമാണ് നല്കിയത്.

അഖിലേന്ത്യാ അന്തർ-സർവ്വകലാശാലാ 3 x 3 ബാസ്കറ്റ് ബോൾ പുരുഷ ചാമ്പ്യൻമാരായ ബാംഗ്ലൂർ ജയിൻ സർവ്വകലാശാല ടീം
വനിതാ വിഭാഗം ചാമ്പ്യൻഷിപ്പിൽ രണ്ടാം സമ്മാനം ലഭിച്ച SRM University Chennai ടീം

error: Content is protected !!