അന്തർ സർവകലാശാല അത്ലറ്റിക്സിൽ മെഡൽ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ കായികതാരങ്ങൾ
കാഞ്ഞിരപ്പള്ളി : ഭുവനേശ്വറിൽ നടന്ന 64- മത് അന്തർ സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാ ഗാന്ധി സർവകലാശാല ടീമിൽ മത്സരിച്ച ഷിൻറ്റൊമോൻ സി ബി, മനൂപ് എം എന്നിവർ വെള്ളി മെഡലുകൾ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിന് അഭിമാനമായി മാറി. 110 മീറ്റർ ഹഡിൽസിൽ ഷിൻറ്റൊമോൻ സി ബി നിലവിലെ അന്തർ സർവകലാശാല റെക്കോർഡ് തിരുത്തി 14.18 സെക്കഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡൽ നേടിയത്. 400 മീറ്റർ ഹഡിൽസിൽ 51.30 സെക്കൻഡിൽ ഓടിയെത്തിയാണ് മനൂപ് എം വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. കേരളാ സംസ്‌ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ ജൂലിയസ് ജെ മനയാനിയാണ് ഇരുവരുടെയും പരിശീലകൻ.
ഷിൻറ്റൊമോൻ ഇടുക്കി ശാന്തിഗ്രാം ചെമ്പൻമാവിൽ വീട്ടിൽ ബിജു രാജൻ – റീജ ബിജു ദമ്പതികളുടെ മകനാണ് .പാലായിൽ നടന്ന എംജി സർവകലാശാല മീറ്റിൽ 110 ഹർഡിൽ ഒന്നാം സ്ഥാനം നേടിയാണ് ഷിൻറ്റൊമോൻ അന്തർ സർവകലാശാല മീറ്റിനു യോഗ്യത നേടിയത്.
മനൂപ് എം പാലക്കാട് വടവന്നൂർ കൊരതപറമ്പ് വീട്ടിൽ മുരളീധരൻ – ഷീബ ദമ്പതികളുടെ മകനാണ്.എംജി സർവകലാശാല മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോർഡ് നേടിയാണ് മനൂപ് എം അന്തർ സർവകലാശാല മീറ്റിനു യോഗ്യത നേടിയത്. 400 മീറ്ററിലും മനൂപ് സ്വർണ്ണ മെഡൽ ജേതാവായിരുന്നു.
കോളേജിൽ നിന്നും 8 പുരുഷ താരങ്ങൾ എം ജി സർവകലാശാല അത്ലറ്റിക്സ് ടീമിൽ അംഗങ്ങളായിരുന്നു. വെങ്കല മെഡൽ നേടിയ എം ജി സർവകലാശാല 4 X 100 മീറ്റർ റിലേ ടീമിൽ സുബ്സ്ടിട്യൂറ്റ് അംഗമായിരുന്ന അബ്ദുൾ കരീം വി എൻ നും കോളേജിന് അഭിമാനമായി മാറി.
കോളേജിൽ കഴിഞ്ഞ 8 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നതാണ് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക്സ് അക്കാഡമി. കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ അക്കാഡമിക്ക് നേതൃത്വം നൽകുന്നതു കായിക വിഭാഗം മേധാവി പ്രവീൺ തര്യനും പരിശീലകരായ ജൂലിയസ് ജെ മനയാനി, സന്തോഷ് ജോർജ്, അലെൻ സെബാസ്റ്റ്യൻ എന്നിവരാണ്.
മികച്ച പ്രകടനം കാഴ്ച്ചവച്ച താരങ്ങളെയും അവരുടെ പരിശീലകരെയും കോളേജ് മാനേജർ ഫാ.വര്ഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, മാനേജ്ന്റ്, പി റ്റി എ എന്നിവർ അഭിനന്ദിച്ചു.