അറവുമാലിന്യങ്ങൾ മണിമലയാറ്റിലിട്ടവരെ നാട്ടുകാർ പതിയിരുന്ന് കുടുക്കി പോലീസിന് കൈമാറി ; രണ്ട് പേർ റിമാൻഡിൽ.

എരുമേലി : മണിമലയാറ്റിൽ സ്ഥിരമായി അറവുമാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടുവാനായി നാട്ടുകാർ ഉറക്കമൊഴിച്ചു പാലത്തിന്റെ ഇരു കരകളിലും രഹസ്യമായി തമ്പടിച്ച് കാത്തിരുന്നത് വെറുതെയായില്ല. പതിവായി മണിമലയാറിൽ ഇറച്ചി മാലിന്യങ്ങൾ ഇട്ടിരുന്ന രണ്ട് പേർ പിടിയിലായി. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ചേനപ്പാടി കടവനാൽകടവ് പാലത്തിലാണ് സംഭവം. കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശികളായ കുന്നുപറമ്പിൽ നൗഫൽ (45), തെക്കേടത്ത് നിസാർ (49) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊൻകുന്നം സബ് ജയിലിലേക്ക് രണ്ടാഴ്ച റിമാൻഡ് തടവിന് വിട്ടു. പ്രതികൾക്കെതിരെ ജലാശയ മലിനീകരണത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

പ്രതികൾ ഇറച്ചി മാലിന്യങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ കശാപ്പ് ശാലയിൽ നിന്നും റാന്നി മന്ദമരുതി ഭാഗത്തെ കടയിലേക്ക് ദിവസവും ഇറച്ചി കൊണ്ടുപോകുന്ന ഇവർ ഇതോടൊപ്പം ഇറച്ചി മാലിന്യങ്ങളും കൊണ്ടുപോയി മണിമലയാറിലെ ചേനപ്പാടി കടവനാൽകടവ് പാലത്തിൽ നിന്നും നദിയിലേക്ക് ഇടുന്നത് പതിവാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ഇങ്ങനെ മാലിന്യങ്ങൾ ഇട്ടിരുന്നു. ഇത് സംബന്ധിച്ച് കിഴക്കേക്കര വാർഡ് അംഗം പി കെ തുളസി ഫേസ്ബുക് പോസ്റ്റ്‌ വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പിറ്റേ ദിവസവും പുലർച്ചെ മാലിന്യങ്ങൾ നദിയിൽ ഇട്ടതായി കണ്ടെത്തി.

ഇതോടെ പാലത്തിന്റെ ഇരു കരകളിലുമുള്ള വീട്ടുകാർ സംഘടിച്ച് സ്‌ക്വാഡ് രൂപീകരിച്ച് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പാലത്തിന്റെ ഇരു കരകളിലും രഹസ്യമായി തമ്പടിച്ച് കാത്തിരുന്നു. പുലർച്ചെ 5.15 ആയപ്പോൾ പ്രതികൾ ഓട്ടോറിക്ഷയിൽ എത്തി
മാലിന്യങ്ങൾ ഇട്ടതോടെ നാട്ടുകാർ പാലത്തിന്റെ രണ്ട് വശങ്ങളും ബ്ലോക്ക്‌ ചെയ്ത് ഓട്ടോറിക്ഷ സഹിതം പിടികൂടി പോലിസ് എത്തുന്നത് വരെ തടഞ്ഞു വെയ്ക്കുകയായിരുന്നു.

പോലിസ് എത്തി പ്രതികളെയും ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തശേഷം നദിയിൽ ഇട്ട മാലിന്യങ്ങളിൽ കുറെ ഭാഗം പ്രതികളെ കൊണ്ട് തിരിച്ച് എടുപ്പിച്ച് നദീ തീരത്ത് കുഴിയെടുത്ത് മറവ് ചെയ്യിപ്പിച്ചു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരെ ജലാശയ മലിനീകരണത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. എരുമേലി എസ് ഐ രാജേഷ് കേസ് നടപടികൾക്ക് നേതൃത്വം നൽകി. നദിയിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി ശേഖരിച്ച് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അറവുമാലിന്യങ്ങൾ ഇട്ട ഭാഗത്തു നിന്നും ഒരു കിലോമീറ്റർ അടുത്താണ് ഒട്ടേറെ പേർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ പദ്ധതി പ്രവർത്തിക്കുന്നത്.

error: Content is protected !!