സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാറിന് മികച്ച പരിഗണന ലഭിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക വഴി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും, കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകൾക്ക് ഏറെ ആശ്വാസകരമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നതും അധിക ധന വിഹിതം അനുവദിച്ചിരിക്കുന്നതും, തീക്കോയി, പൂഞ്ഞാർ തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിൽ ടൂറിസം വികസനത്തിന് ഏറെ സഹായകരമാകും. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം എന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണർവേകും. എരുമേലി കൂടി ഉൾപ്പെടുത്തി ശബരിമല മാസ്റ്റർ പ്ലാൻ അംഗീകരിച്ചിരിക്കുന്നതും ഏറെ ഗുണകരമാണ്. ഈരാറ്റുപേട്ട നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും, വാഗമൺ ടൂറിസത്തിന് കുതിപ്പ് ഏകുന്നതുമായ മീനച്ചിലാറിന് കുറുകെയുള്ള കാരക്കാട് ഇളപ്പുങ്കൽ പാലം നിർമ്മാണത്തിന് ബഡ്ജറ്റിൽ 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഈരാറ്റുപേട്ട- തൊടുപുഴ റോഡിനെയും, ഈരാറ്റുപേട്ട- വാഗമൺ റോഡിനെയും ബന്ധിപ്പിക്കത്തക്ക നിലയിൽ ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന വിധമാണ് പുതിയ പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ട നഗരത്തിന്റെയും, കാരക്കാട് പ്രദേശത്തിന്റെയും സമഗ്ര വികസനത്തിന് ഉപകരിക്കും.

കൂടാതെ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഉപകരിക്കുന്ന താഴെപ്പറയുന്ന പദ്ധതികൾക്കും ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷനോടുകൂടി പ്രാഥമിക അനുമതി ലഭ്യമായിട്ടുണ്ട്.

മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലം , മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ‍ താലൂക്ക് രൂപീകരണം, എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കൽ,പാറത്തോട് കേന്ദ്രീകരിച്ച് ഭക്ഷ്യോപാധികളായ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധന ഉൽപന്ന നിർമ്മാണ യൂണിറ്റും, മെഗാ ഫൂഡ്പാർക്കും, പുഞ്ചവയൽ ഗവ.എൽ.പി.എസ്, കുന്നോന്നി ജി.എച്ച് ഡബ്ല്യു എൽ.പി.എസ്, മുരിക്കുംവയൽ ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണ പദ്ധതി,പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് സ്ഥാപിക്കൽ,തീക്കോയി ഗ്രാമപഞ്ചായത്ത് 13-)o വാർഡിൽ മീനച്ചിലാറ്റിൽ രണ്ടാറ്റുമുന്നി- ചേരിപ്പാട് ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് ,പൂഞ്ഞാര്‍ അടിവാരം – കോട്ടത്താവളം – കല്ലില്ലാക്കവല – വഴിക്കടവ് – വാഗമണ്‍ റോഡ് നിർമ്മാണം,ഈരാറ്റുപേട്ട ടൗണിൽ മുക്കട ജംഗ്ഷനിൽ മീനച്ചിലാറ്റിൽ റെഗുലേറ്റർ കം ബ്രിഡ്ജ് ,ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ, കൂട്ടിക്കൽ കേന്ദ്രീകരിച്ച് ജെ ജെ മർഫി സ്മാരക റബർ അധിഷ്ഠിത വ്യവസായ പാർക്ക് , കരിനിലം – പുഞ്ചവയൽ ‍- 504 – കുഴിമാവ് റോഡ് BM and BC നിലവാരത്തില്‍ റീടാറിങ്, പുഞ്ചവയലില്‍ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്, സ്കില്‍ ഡെവലപ്മെന്‍റ്, കരിയര്‍ ഗൈഡന്‍സ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം സ്ഥാപിക്കല്‍, മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ , മുണ്ടക്കയത്ത് ഐ‌ടി‌ഐ സ്ഥാപിക്കൽ ,മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് പുനർനിർമ്മാണം ,തിടനാട്- ഇടമറ്റം- ഭരണങ്ങനം റോഡ് ബിഎം&ബിസി നിലവാരത്തിൽ റീ ടാറിങ് ,പനച്ചിപ്പാറയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസും, പൂഞ്ഞാർ സബ് രജിസ്റ്റർ ഓഫീസും പ്രവർത്തിക്കുന്നതിന് റവന്യൂ കോംപ്ലക്സ് , നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും മറ്റൂം നീന്തൽ പരിശീലനത്തിന് പാറത്തോട് ഗ്രാമപഞ്ചായത്തിലെ പൊടിമറ്റത്ത് നീന്തൽക്കുളം നിർമ്മാണം എന്നിവയാണ് ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷൻ ലഭിച്ചിട്ടുള്ള പദ്ധതികൾ.

error: Content is protected !!