എരുമേലിയിൽ സീസൺ കടക്കാർ തിരികെപോയി, ഓർമ്മയ്ക്കായി പട്ടണത്തിൽ മാലിന്യങ്ങൾ ബാക്കിവച്ച് ..
എരുമേലി : ഇക്കഴിഞ്ഞ ശബരിമല സീസണിൽ എരുമേലി ടൗൺ പരിധിയിൽ ഉയർന്നത് നൂറുകണക്കിന് കടകളാണ്. എല്ലാം പൊളിച്ചു നീക്കി കച്ചവടക്കാർ പോയി. പക്ഷെ മാലിന്യങ്ങൾ പലയിടത്തിലും നീക്കം ചെയ്തിട്ടില്ല. താൽക്കാലിക കടകളുടെ പന്തൽ പൊളിച്ച സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പടെ വൻ മാലിന്യങ്ങളാണ് ഉള്ളത്.
സീസണിൽ കച്ചവടക്കാർക്ക് വൻ ലാഭവും പഞ്ചായത്തിന് ലൈസൻസ് ഫീസും കിട്ടി. പൊതുജനത്തിന് മാലിന്യം എന്നതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു .
നടപടി സ്വീകരിക്കേണ്ടത് തദ്ദേശ സ്ഥാപനമായ പഞ്ചായത്ത് അധികൃതർ ആണ്. എന്നാൽ കഴിഞ്ഞ ജനുവരി 20 ന് ശബരിമല സീസൺ അവസാനിച്ചതാണ്. ഇപ്പോൾ ഫെബ്രുവരി ആദ്യ ആഴ്ചയിലെത്തി നിൽക്കുന്നു. ഇതുവരെ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല. മാലിന്യങ്ങൾ നീക്കം ചെയ്താൽ മാത്രം നടപടികൾ തീരില്ല. ഇവ ശരിയായ വിധം സംസ്ക്കരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ശിക്ഷാർഹമാണ്. ഇവ പുനരുപയോഗത്തിന് സാധ്യമാക്കണം. ഇതിന് നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതർ ആണ്. എന്നാൽ നാളിതുവരെ ഇത് സംബന്ധിച്ചു നടപടികൾ സ്വീകരിച്ചിട്ടില്ല.
ഓരോ കച്ചവടക്കാരും പഞ്ചായത്ത് ലൈസൻസ് എടുത്താണ് സീസണിൽ കച്ചവടം ചെയ്യാൻ നിയമം അനുവദിച്ചിരുന്നത്. ലൈസൻസ് വ്യവസ്ഥയിൽ പ്രധാനമായ ഒന്നായിരുന്നു മാലിന്യ സംസ്‌കരണം. സ്വന്തം സ്ഥാപനത്തിലെ മാലിന്യങ്ങളിൽ അജൈവ മാലിന്യങ്ങൾ ഹരിത കർമ സേന വഴിയും ജൈവ മാലിന്യങ്ങൾ പഞ്ചായത്തുമായി കരാർ വെച്ചിട്ടുള്ള അംഗീകൃത ഏജൻസിയ്ക്ക് നൽകണമെന്നുമാണ് ലൈസൻസ് വ്യവസ്ഥ. ഇതിന് ഓരോ കച്ചവടക്കാരും യൂസർ ഫീസ് നൽകണം. ഇക്കാര്യത്തിൽ ഉറപ്പിനായി നിശ്ചിത തുക കരുതൽ നിക്ഷേപമായി ലൈസൻസ് ഫീസിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഈടാക്കിയിരുന്നു. കച്ചവടക്കാർ മാലിന്യ കൈമാറ്റം നടത്തിയില്ലങ്കിൽ ഈ കരുതൽ നിക്ഷേപം ചെലവിട്ട് മാലിന്യങ്ങൾ പഞ്ചായത്ത് ആണ് നീക്കേണ്ടത്. കൃത്യമായി മാലിന്യ സംസ്ക്കരണത്തിന് നടപടികൾ സ്വീകരിച്ച കച്ചവടക്കാർക്ക് ഇത് ബോധ്യപ്പെടുത്തുന്ന യൂസർ ഫീസ് രസീതുകൾ ഹാജരാക്കി കരുതൽ നിക്ഷേപ തുക തിരികെ വാങ്ങാവുന്നതാണെന്ന് ലൈസൻസ് വ്യവസ്ഥയിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്.
എന്നാൽ സീസൺ കച്ചവടക്കാരുടെ മാലിന്യങ്ങൾ നാളിതുവരെ നീക്കം ചെയ്യിപ്പിക്കാനോ സ്വന്തം നിലയിൽ നീക്കാനോ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിട്ടില്ലന്ന് പരാതി ശക്തമാവുകയാണ്. ഇക്കാര്യത്തിൽ പഞ്ചായത്തിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കാമെന്നിരിക്കെ നടപടികൾ ഒന്നും തന്നെ സ്വീകരിക്കാത്തത് കൃത്യവിലോപമാണെന്നും ഇത് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകുമെന്ന് പൊതുപ്രവർത്തകനും ഹോട്ടൽ ഉടമയുമായ പുത്തൻവീട് തങ്കച്ചൻ പറഞ്ഞു.