മുന്‍കൂട്ടി അറിയാം ആരംഭഘട്ട മണ്ണിടിച്ചിൽ -നൂതന പദ്ധതിയുമായി സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂൾ വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി : ആരംഭഘട്ട മണ്ണിടിച്ചിൽ നിരീക്ഷണത്തിനും മുന്നറിയിപ്പിനും നൂതന പദ്ധതിയുമായി ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂൾ വിദ്യാർത്ഥികൾ . പതിനൊന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികളായ റോഹൻ എൽദോസ്‌ മഞ്ഞുമ്മേകുടിയിൽ, അക്ഷയ്‌ ചന്ദ്‌, ഒമ്പതാംക്ലാസ്സ്‌ വിദ്യാർത്ഥി ഐവിൻ റോബിൻ എന്നിവർക്കാണ്‌ നാഷണൽ സെന്റർ ഫോർ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസില്‍ നിന്ന്‌ സാങ്കേതിക പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിച്ചത്‌. ATL അധ്യാപിക ആനി സുഷമയുടെ നേതൃത്വത്തിലാണ്‌ വിദ്യാര്‍ത്ഥികള്‍ NCESS ലെ ഒരു വിദഗ്‌ദ്ധ കമ്മിറ്റിയുടെ മുമ്പില്‍ “ടെറാസെന്‍സ്‌ – ഒരു ആരംഭഘട്ട മണ്ണിടിച്ചില്‍ കണ്ടെത്തല്‍ സംവിധാനം” എന്ന പ്രോജക്ട്‌ അവതരിപ്പിച്ചത്‌.

കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഒരു പ്രധാന ആശങ്കയായതിനാല്‍ സമയബന്ധിതമായ മുന്നറിയിപ്പുകള്‍ നല്‍കുക, ജീവന്‍ രക്ഷിക്കുക, നാശനഷ്ടങ്ങള്‍ ഒഴിവാക്കുക എന്നിവയാണ്‌ ടെറാസെന്‍സ്‌ സിസ്റ്റം ലക്ഷ്യമിടുന്നത്‌. NCESS വിദഗ്‌ദ്ധകമ്മിറ്റിയുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടും ഗൈഡന്‍സും ലഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ പേറ്റന്റിംഗിലേയ്‌ക്കും ഭാവി സംരംഭക പ്രവര്‍ത്തനങ്ങളിലേയ്‌ക്കും പ്രോജക്ടിനെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

ശാസ്‌ത്രീയാഭിമുഖ്യവും സാമൂഹിക പ്രതിബദ്ധതയും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരം പ്രോജക്ടുകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതെന്ന്‌ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌ അറിയിച്ചു. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച റോഹന്‍, അക്ഷയ്‌, ഐവിന്‍ എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.

error: Content is protected !!