ആ നൊമ്പരപ്പൂവ് കൊഴിഞ്ഞുവീണു.. ഗൗതമി എന്ന ശ്രീക്കുട്ടി ഇനിയില്ല.. കുന്നോളം പ്രതീക്ഷകളുമായി, നിറകണ്ണുകളോടെ ഒരു നാട് മുഴുവൻ ദീപം കൊളുത്തി പ്രാർത്ഥിച്ച് വിധിയുടെ കാരുണ്യത്തിനായി കാത്തിരുന്നു..: എന്നിട്ടും…
ചേനപ്പാടി : ആ നൊമ്പരപ്പൂവ് കൊഴിഞ്ഞുവീണു.. ഐസിയുവിലും വെന്റിലേറ്ററിലുമായി രണ്ട് മാസത്തോളം വേദനകളോട് മല്ലടിച്ച് ഗൗതമി (ശ്രീക്കുട്ടി -15) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവന്റെ രക്ഷ തേടി നിരവധി പേർ കുട്ടിക്ക് രക്തം ദാനം ചെയ്തു, ചികിത്സ സഹായത്തിനയായി പണം സമാഹരിച്ച് സഹായിച്ചു. നിറകണ്ണുകളോടെ ഒരു നാട് മുഴുവൻ ദീപം കൊളുത്തി പ്രാർത്ഥിച്ച് വിധിയുടെ കാരുണ്യത്തിനായി കാത്തിരുന്നു . എന്നാൽ ഏവരെയും നിരാശപെടുത്തികൊണ്ട്, ചേനപ്പാടി ഗ്രാമത്തെ ആകെ നൊമ്പരപെടുത്തികൊണ്ട് ഗൗതമി മോളെ മരണം കവർന്നെടുത്ത് വേദനകൾ ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. .
സ്വകാര്യ ബസ് ജീവനക്കാരൻ ചേനപ്പാടി കരിമ്പുകയം വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളായ ഗൗതമി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പഠനത്തിലും കലാകായിക രംഗങ്ങളിലും മികവ് പ്രകടിപ്പിച്ചിരുന്ന ഗൗതമി സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് കൂടിയായിരുന്നു.
മൂന്ന് മാസം മുമ്പ് പെട്ടന്നുണ്ടായ പനിയെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ പരിശോധന നടത്തുകയും ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തത്. ഇതോടെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു. ഡയാലിസിസ് തുടരുകയും തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത ആശുപത്രികളിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയുമായിരുന്നു.
രക്തം ലഭിക്കാൻ പ്രയാസമുള്ള ബി നെഗറ്റീവ് ഗ്രൂപ്പ് ആയിരുന്നു ഗൗതമിയുടേത്. എന്നാൽ ദിവസവും ഡയാലിസിസ് നടത്താൻ രക്തം നൽകുന്നതിന് സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. മന്ത്രി വി എൻ വാസവൻ, എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പടെ ആശുപത്രിയിൽ ബന്ധപ്പെട്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിനിടെ കൈകൾക്കും കാലുകൾക്കും ചലനശേഷി കുറഞ്ഞു വരികയും അണുബാധ കൂടുകയും ഹൃദയാഘാതം നേരിടുകയും ചെയ്തു.
കഴിഞ്ഞ 26 ന് ചേനപ്പാടിയിൽ വൈകിട്ട് പൊതു സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങൾ കൊളുത്തി ഗൗതമിയുടെ രോഗമുക്തിയ്ക്കായി പ്രാർത്ഥനകൾ നടത്തിയിരുന്നു. ചികിത്സാ സഹായങ്ങളും ലഭ്യമായിക്കൊണ്ടിരുന്നു. തുടർന്ന് ചികിത്സയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ആരോഗ്യ നില വഷളായിക്കൊണ്ടിരുന്നതോടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നു. എന്നാൽ ആംബുലൻസിൽ യാത്ര കഴിയാത്ത നിലയിൽ ആയതോടെ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും അദ്ധ്യാപകരും സഹപാഠികളുമെല്ലാം അതീവ ദുഃഖത്തിലാണ്. വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. ഏക സഹോദരി ദക്ഷിണ (ഒന്നര വയസ്) .