കണമല പാലം മാർച്ച് 15 ന് തുറക്കും : അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചെലവിട്ടത് 50 ലക്ഷം.
എരുമേലി : അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്ന, ശബരിമലപാതയിൽ പമ്പാ നദിക്ക് കുറുകെയുള്ള കണമല പാലം മാർച്ച് പതിനഞ്ചാം തീയതി വാഹന യാത്രക്കായി തുറന്നുകൊടുക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അറ്റകുറ്റപ്പണികൾ ആവശ്യം വന്നതിനെ തുടർന്ന് ഫെബ്രുവരി മാസം പതിനെട്ടാം തീയതി പാലം അടച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഈ സമയം പാലം നിർമ്മാണത്തിന് മുൻപ് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പഴയ കോസ്‌വേ വഴി വാഹനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കിയിരുന്നു.
കണമല പാലത്തിൽ പൈൽ ഫൗണ്ടേഷന്റെ ബലം കുറഞ്ഞതും ഉപരിതലത്തിൽ പൊട്ടലുകൾ സംഭവിച്ചതും, പില്ലറുകൾ പ്രളയത്തിൽ തകരാറ് സംഭവിച്ചിരുന്നത് പുനരുദ്ധരിക്കുകയും വേണ്ടിയിരുന്നതിനാൽ അത് സംബന്ധമായി എസ്റ്റിമേറ്റ് എടുത്ത്, 50 ലക്ഷം രൂപ അനുവദിച്ച് നടപടികൾ പൂർത്തീകരിച്ച് പുനരുദ്ധാരണ പ്രവർത്തികൾ നടത്തുകയായിരുന്നു. ക്യൂറിങ് പീരിയഡ് പൂർത്തിയാകുന്ന മാർച്ച് 15-)o തീയതിയോടുകൂടി പാലം തുറന്നു നൽകുമെന്നും പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പത്ത് വർഷം മുമ്പാണ് പഴയ കോസ്‌വേ പാലത്തിന് സമാന്തരമായി ഉയരം കൂട്ടി പുതിയ പാലം നിർമിച്ചത്. പ്രീ ട്രസ്സ്ഡ് കോൺക്രീറ്റ് പാളികൾ അടുക്കി സ്ഥാപിച്ചായിരുന്നു പാലത്തിലെ റോഡ് നിർമിച്ചത്. കോൺക്രീറ്റ് പാളികളിൽ പലതും പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തു വന്നതോടെ ഏതാനും വർഷം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. കഴിഞ്ഞയിടെ വീണ്ടും കോൺക്രീറ്റ് പാളികൾ പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തുവന്നു. ഇതോടെ ആണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ വേണ്ടിവന്നത്. കോൺക്രീറ്റ് ഇളക്കി പുതിയതായി ചെയ്യാനുള്ള പ്രവൃത്തികളാണ് ഇത്തവണ നടത്തിയത്. ഇതോടൊപ്പം ജലവിതരണ പൈപ്പുകൾ സുരക്ഷിതമാക്കുന്നത് ഉൾപ്പടെയുള്ള പ്രവൃത്തികളും നടത്തി.
ശബരിമല പാതയിൽ പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് കണമല പാലം. എരുമേലി – ഇലവുങ്കൽ – പമ്പ വഴി ശബരിമലയിലേയ്ക്കുള്ള പാതയിൽ എരുമേലിയിൽനിന്നും 15 കി.മീ. അകലെയാണ് പാലം. 7.60 കോടി രൂപ ചെലവിട്ട് 2009-ൽ ആണ് 11.50 മീറ്റർ വീതിയും 960 മീറ്റർ നീളവുമുള്ള പാലത്തിന്റെ നിർമാണം തുടങ്ങിയത്. വനഭൂമിയിൽ നിർമാണം നടത്തേണ്ടി വന്നത് മൂലം
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ താമസിച്ചതിനാൽ പണികൾ നീണ്ടുപോയി. 2015 ഡിസംബർ 23 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇതിനുമുമ്പ്, പമ്പയ്ക്കു കുറുകെ ഇവിടെയുണ്ടായിരുന്ന വീതികുറഞ്ഞ കോസ്‌വേ തിരക്കുള്ള തീർഥാടനസമയത്ത് ട്രാഫിക്ക് കുരുക്കുണ്ടാക്കിയിരുന്നു. മാത്രമല്ല പമ്പയിൽ ജലനിരപ്പ് ഉയരുന്ന സമയം പലപ്പോഴും മുങ്ങിപ്പോകുകയൊ അപകടകരമാം വിധം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയോ ചെയ്തിരുന്നു. ഉയരത്തിൽ നിർമിച്ച പുതിയ പാലം ഈ തടസങ്ങൾ ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കിയെങ്കിലും റോഡിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് പൊട്ടിപ്പൊളിയുന്നത് മൂലം ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ വേണ്ടിവരികയാണ്.