എയ്ഞ്ചൽ വാലിയിൽ വനവിജ്ഞാന വ്യാപന കേന്ദ്രം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എരുമേലി : പെരിയാർ ടൈഗർ റിസർവിന്റെ വെസ്റ്റ് ഡിവിഷന് കീഴിൽ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലായി രൂപീകരിച്ചിട്ടുള്ള 38 ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിനായി വനം വകുപ്പിൽ നിന്നും ഒരു കോടി 31 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച വന വിജ്ഞാനകേന്ദ്രത്തിന്റെ ഉദ്ഘാടനം മാർച്ച് 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിർവഹിക്കും.
പത്തനംതിട്ട എംപി ആന്റോ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, എയ്ഞ്ചൽ വാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തെക്കേമുറിയിൽ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും, പൊതുപ്രവർത്തകരും, ഇഡിസി ഭാരവാഹികളുമായ എം.കെ. ഷാജി, ഹൈദ്രോസ് മീരാൻ, ജോഷി ആൻ്റണി, റ്റി.ഡി സോമൻ, ഉണ്ണിരാജ്, ബിനോ ജോൺ ചാലക്കുഴി, വി.പി. സുഗതൻ, സന്തോഷ് പാലമൂട്ടിൽ, സോജി വളയത്ത്, വനം വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരുമായ പ്രമോദ് പി.പി. ഐ.എഫ്.എസ്, പ്രമോദ് ജി. കൃഷ്‌ണൻ ഐ.എഫ്.എസ്
അരുൺ ആർ.എസ്. ഐ.എഫ്.എസ്, എൻ. രാജേഷ് ഐ.എഫ്.എസ്, ഐ.എസ്. സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും.
ഇഡിസി കളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, പ്രദേശവാസികൾക്ക് വിവാഹം ഉൾപ്പെടെയുള്ള മംഗളകർമ്മങ്ങൾ, മറ്റ് പൊതു ചടങ്ങുകൾ മുതലായവയ്ക്ക് ഉപയോഗപ്പെടുത്തുക, വനമേഖലയിലെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക , മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേദിയൊരുക്കുക, മികച്ച വനപരിപാലന സാഹചര്യമൊരുക്കുക, പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് സാഹചര്യം സൃഷ്ടിക്കുക, വനം വകുപ്പ് നടത്തുന്ന പൊതു ചടങ്ങുകൾ, ക്ലാസുകൾ എന്നിവയ്ക്ക് വേദിയൊരുക്കുക എന്നിവയാണ് വന വിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ. രണ്ടുനിലകളായി നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ 300ലധികം ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന ഹാൾ, സ്റ്റേജ്, കിച്ചൺ, വർക്ക് ഏരിയ, ടോയ്‌ലറ്റുകൾ മുതലായവയും ക്രമീകരിച്ചിട്ടുണ്ട്.