കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ; ഫ്ലൈ ഓവറിന്റെ തൂണ് നിർമ്മാണം പുരോഗമിച്ച്, കോൺക്രീറ്റിങ്ങിനു സജ്ജമാകുന്നു.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ ഇടയ്ക്ക് മന്ദഗതിയിൽ ആയിരുന്നെങ്കിലും, ഇപ്പോൾ തകൃതിയായി പുരോഗമിക്കുന്നു. ബൈപാസ് നിർമ്മാണത്തിലെ പ്രധാന ഘട്ടങ്ങളിൽ ഒന്നായ ഫ്ലൈ ഓവറിന്റെ തൂണ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച്, കോൺക്രീറ്റിങ്ങിനു സജ്ജമാകുന്നു. പാറയിൽ കമ്പി ഡ്രിൽ ചെയ്ത ശേഷം അതിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. മൂന്ന് പില്ലറുകൾക്കുള്ള പിറ്റുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. അടുത്ത ദിവസം കോൺക്രീറ്റിങ് തുടങ്ങും, ഇരുപത് ദിവസങ്ങൾകൊണ്ട് ഒന്നാം പില്ലറിന്റെ കോൺക്രീറ്റിങ് ജോലി പൂർത്തീകരിക്കുവാനാണ് ശ്രമിക്കുന്നത്.
4 പില്ലറുകളിലായാണ് ഫ്ലൈ ഓവർ നിർമ്മിക്കുന്നത്. ഇതിൽ 3 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. പിന്നെയുള്ള പില്ലറിന്റെ സ്ഥാനം കാഞ്ഞിരപ്പള്ളി മണിമല റോഡിലായതിനാൽ പ്രസ്തുത പില്ലറിന്റെ നിർമ്മാണത്തിന് റോഡ് ബ്ലോക്ക് ചെയ്യേണ്ടതുണ്ട്. ആളുകളുടെ യാത്ര സൗകര്യത്തെ ബാധിക്കുന്ന കാര്യം ആയതിനാൽ അത് അവസാനം ചെയ്യുവാനാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്.