ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ ഹൈറേഞ്ച് മേഖല മഹിളാ സമാജിന് തുടക്കമായി

കട്ടപ്പന: സമൂഹം മുഴുവൻ സ്ത്രീകളോട് നന്ദിയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിവിധ റോളുകൾ ചെയ്തുകൊണ്ട് സമൂഹത്തെ ശുശ്രൂഷിക്കുന്ന സ്ത്രീകളോട് സമൂഹം കടപ്പെട്ടിരിക്കുന്നു. ഇൻഫാം കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിച്ചിരിക്കുന്ന ഇൻഫാം മഹിളാ സമാജ് കാർഷിക മേഖലയില്‍ ഒരു പുതിയ കാല്‍വയ്പ്പിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ വനിതാവിംഗ് – ‘ഇൻഫാം മഹിളാ സമാജ്’ രൂപീകരിച്ചതായി ദേശീയചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പ്രഖ്യാപിച്ചു. ഇൻഫാം അംഗത്വമുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി വിവിധ കർമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഓരോ കര്‍ഷക കുടുംബങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു അടുക്കളത്തോട്ടം നിര്‍മിക്കുക എന്നതാണ് ആദ്യ കര്‍മപദ്ധതി.

മികച്ച അടുക്കളത്തോട്ടം നിര്‍മിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷത്തെ വനിതാ ദിനാചരണത്തില്‍ ഇന്‍ഫാം കാര്‍ഷികജില്ലാ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ഇന്‍ഫാം മഹിളാ രത്ന ഗോള്‍ഡ് വിന്നര്‍ അവാര്‍ഡിന് അര്‍ഹയാകുന്ന ആളിന് ഒരു പവന്‍ സ്വര്‍ണവും, ഇന്‍ഫാം മഹിളാ രത്ന സില്‍വര്‍ വിന്നറിന് മുക്കാല്‍ പവന്‍ സ്വര്‍ണവും, ഇന്‍ഫാം മഹിളാ രത്ന ബ്രോണ്‍സ് വിന്നറിന് അര പവന്‍ സ്വര്‍ണവും, പ്രോത്സാഹന സമ്മാനങ്ങളായി 12 പേര്‍ക്ക് കാല്‍ പവന്‍ സ്വര്‍ണം വീതവും സമ്മാനമായി നല്‍കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം കാര്‍ഷിക താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍, സ്മിത ബിനോജ് കുന്നേല്‍, ജയമ്മ ജേക്കബ് വളയത്തില്‍, കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കാര്‍ഷിക ജില്ലാ സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു. വനിതകളുടെ വിവിധ കലാപരിപാടികള്‍ ഇതോടനുബന്ധിച്ചു നടന്നു. ഇന്‍ഫാം ഉപ്പുതറ, കുമളി, കട്ടപ്പന, അണക്കര, മുണ്ടിയെരുമ കാര്‍ഷിക താലൂക്കുകളില്‍ നിന്നുള്ള വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!