എയ്ഞ്ചൽ വാലിയിൽ നിർമിച്ച വന വിജ്ഞാന വ്യാപനകേന്ദ്രം നാടിന് സമർപ്പിച്ചു
എരുമേലി : പെരിയാർ ടൈഗർ റിസർവിന്റെ വെസ്റ്റ് ഡിവിഷന് കീഴിൽ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലായി രൂപീകരിച്ചിട്ടുള്ള 38 ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിനായി വനം വകുപ്പിൽ നിന്നും ഒരു കോടി 31 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച വന വിജ്ഞാനകേന്ദ്രത്തിന്റെ ഉദ്ഘാടനം മാർച്ച് 7 വെള്ളിയാഴ്ച നാലുമണിക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിർവഹിച്ചു .
പെരിയാർ ടൈഗർ റിസര്‍വ്വിന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ രണ്ടു വര്‍ഷത്തിനിടയില്‍ ഒരു മരണം പോലും വന്യജീവി ആക്രമണം മൂലമുണ്ടായിട്ടില്ലന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡിവിഷനില്‍ പമ്പ റെയ്ഞ്ചിലെ എയ്ഞ്ചല്‍വാലിയില്‍ നിര്‍മിച്ച വന വിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലമാണിത്. വന്യജീവികള്‍ വനത്തിനു പുറത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ മുന്‍ഗണന നല്‍കുന്ന പദ്ധതികൾ കൂടുതലായി നടപ്പിലാക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്നും, പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ സൗഹൃദ പ്രദേശമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
എരുമേലി, മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ സംയുക്ത ആസ്ഥാനമായി വനം വകുപ്പിന് കീഴിൽ 1.31 കോടി രൂപ ചിലവഴിച്ച് രണ്ട് നിലകളിലായാണ് വിജ്ഞാന കേന്ദ്രം നിർമിച്ചിരിക്കുന്നത്.
മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പിനു ശേഷമുള്ള വിപണനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഐ.എസ്. സുരേഷ്ബാബു, വന്യജീവി വിഭാഗം ഫീല്‍ഡ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, പിടിസിഎഫ്. ഗവേണിങ് ബോഡി അംഗം എം.കെ. ഷാജി, കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ജോഷി ആന്റണി, ബെന്നി മൈലാടൂര്‍, ടി.ഡി. സോമന്‍, ബിനോ ജോണ്‍ ചാലക്കുഴി,വി.പി. സുഗതന്‍, ഇഡിസി പ്രസിഡന്റ് സോജി വളയത്ത്, ഷാജി കുരിശുംമൂട്ടില്‍, ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.