വനിതാദിനത്തിൽ വനിതകൾക്ക് സിനിമാ പ്രദർശനം ഒരുക്കി ചിറക്കടവ് പഞ്ചായത്ത്.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വനിതദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വനിതകൾക്ക് സെക്കന്റ് ഷോ കാണാൻ അവസരമൊരുക്കി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ ഐ.സി.ഡി.എസ്,കുടുംബശ്രീ മുഖേനയാണ് വനിതകൾക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 50 പേരടങ്ങുന്ന വനിതാസംഘമാണ് തിയേറ്ററിലെത്തി സിനിമ കണ്ട ആസ്വദിച്ചത്.

ആദ്യമായി തീയേറ്ററിൽ എത്തി സിനിമ കാണുന്നവർ ഉൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. ചിലരൊക്കെയാകട്ടെ ചെറുപ്പകാലത്തു തീയേറ്ററിൽ പോയവരും ചിലർ വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ എത്തിയവരും ആയിരുന്നു. അതുകൊണ്ട് ഇത്തരമൊരു അനുഭവം വലിയ സന്തോഷം നൽകിയതായും ഇവർ പറയുന്നു.

പഞ്ചായത്ത് പൊൻകുന്നം ഫോക്കസ് സിനിമാസുമായി സഹകരിച്ചായിരുന്നു ഇവർക്കുള്ള സൗജന്യ പ്രദർശനം ഒരുക്കിയത്.തീയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുഇടങ്ങൾ സ്ത്രീകൾക്കു കൂടി ഉള്ളതാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ലീന കൃഷ്ണകുമാർ, അമ്പിളി ശിവദാസ് ,സി.ഡി.പി.ഒ ബിന്ദു അശോക്, ഐ.സി.ഡി.എസ് സൂപ്രവൈസർ കെ.എസ്.അശ്വതി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!