KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും കിണറ്റിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു.

എരുമേലി : കിണർ തേകി വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വസിക്കാൻ ഓക്സിജൻ കിട്ടാതെ അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറും ശ്വാസം മുട്ടി അപകടത്തിലായി ഇരുവരും മരണപെട്ടു. ഫയർ ഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

എരുമേലി ടൗണിന് സമീപം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആണ് സംഭവം. എരുമേലി ആമക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ആറ്റുകാൽപുരയിടത്തിൽ ഗോപകുമാർ (ബിജു -48), കൂവപ്പള്ളി സ്വദേശി പാക്കേകാവുങ്കൽ വീട്ടിൽ അനീഷ് (49) എന്നിവരാണ് മരിച്ചത്. ബിജുവിന്റെ മകൻ ഇന്ന് പ്ലസ്ടു പരീക്ഷ എഴുതാനിരിക്കെ ആണ് പിതാവിന്റെ ദാരുണ മരണം. അനീഷിന്റെ മകൾ പത്താം ക്ലാസ് പരീക്ഷ എഴുതാനിരിക്കെ ആണ് പിതാവ് മരണപ്പെട്ടിരിക്കുന്നത്.

എരുമേലി ടൗണിന് അടുത്ത് തുണ്ടത്തിൽ അബ്ദുൽ ഷൈബുവിന്റെ വീട്ടിലെ കിണറിലാണ് അപകടം. ഇവിടെ വീട്ടിൽ വാടക നൽകി താമസിക്കുന്ന സന്തോഷിന്റെ ബന്ധുവാണ് മരണപ്പെട്ട ഗോപകുമാർ (ബിജു). കിണർ വൃത്തിയാക്കാൻ ഇറങ്ങിയ അനീഷ് അപകടത്തിൽ പെട്ടപ്പോൾ ഇവിടേക്ക് ഓട്ടോറിക്ഷയുമായി ഓട്ടം വന്ന ഗോപകുമാർ (ബിജു) രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു. ഇരുവരും കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം ആണ് അപകടത്തിലായതെന്ന് അറിഞ്ഞതോടെ എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് കിണറ്റിൽ ഓക്സിജൻ സ്പ്രേ ചെയ്ത് ഇറങ്ങി ആണ് ഇരുവരെയും പുറത്തെടുത്ത് എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.

മരണപ്പെട്ട ബിജുവിന്റെ ഇളയ മകൻ അപ്പു ഏഴ് വർഷം മുമ്പ് വീടിനടുത്ത് മണിമലയാറിൽ മുങ്ങി മരിക്കുകയായിരുന്നു. ബിജുവിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. ഭാര്യ മിനി. മകൻ ആനന്ദ്. മരണപ്പെട്ട അനീഷിന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. അനീഷിന്റെ ഭാര്യ ഷീജ . കൂവക്കാവ് ജി സി ടി സ്കൂൾ വിദ്യാർത്ഥികളായ അക്ഷയ, അക്ഷര എന്നിവരാണ് മക്കൾ.

കിണറ്റിൽ ശ്വാസം കിട്ടാതെ അനീഷും രക്ഷിക്കാനിറങ്ങി ബിജുവും പൊലിഞ്ഞു.

എരുമേലി : കിണറ്റിൽ കുഴഞ്ഞു വീണ് കിടക്കുന്ന അനീഷിനെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ബിജു. ഇരുവരും ചേതനയറ്റ് ശ്വാസം നിലച്ച് കിണറ്റിൽ വീണതോടെ മുകളിൽ കിണറിന് ചുറ്റും കൂടി നിന്നവർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. ഉറക്കെ നിരവധി തവണ അവരെല്ലാം ബിജുവിനെയും അനീഷിനെയും വിളിച്ചു കൊണ്ടിരുന്നു. ചിലർ നിലവിളിയ്ക്കുകയായിരുന്നു. ഒടുവിൽ ഫയർ ഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുക്കുമ്പോൾ ജീവനുണ്ടാകണേയെന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന. എന്നാൽ അതിനോടകം ഇരുവരും മരണപ്പെട്ടിരുന്നു.

എരുമേലിയെ ദുഃഖത്തിലാഴ്ത്തിയ ഈ ദാരുണ സംഭവം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു. എരുമേലി ടൗണിൽ പ്രവർത്തനം നിർത്തിയ സിനിമ തിയേറ്ററിന് സമീപം തുണ്ടത്തിൽ അബ്ദുൽ ഷൈബുവിന്റെ കിണറിലാണ് അപകടമുണ്ടായത്. ഇവിടെ വാടകക്ക് താമസിക്കുന്നത് ബിജുവിന്റെ ബന്ധു സന്തോഷും കുടുംബവുമാണ്. ഇവർ ആവശ്യപ്പെട്ട പ്രകാരം കിണർ തേകാൻ ഇറങ്ങിയതായിരുന്നു കൂലിപ്പണിക്കാരനായ അനീഷ്. കിണറ്റിൽ വായു സാന്നിധ്യം ഉണ്ടോയെന്നറിയാൻ ശ്രമിക്കാതെ ഇറങ്ങിയതാണ് അപകടത്തിൽ എത്തിച്ചത്. അനീഷ് കുഴഞ്ഞു വീണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ ബിജുവും അനീഷിനൊപ്പം മരണത്തിലേക്ക് പോയി.

ഹൃദയവേദനയോടെ ആനന്ദ്.

എരുമേലി ടൗണിൽ രാജാ പടി ഭാഗത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു ആമക്കുന്ന് സ്വദേശി ആറ്റുകാൽപുരയിടം ബിജു എന്ന ഗോപകുമാർ (48). ഏഴ് വർഷം മുമ്പാണ് ബിജുവിന്റെ ഇളയ മകൻ അപ്പു വീടിന്റെ അടുത്ത് മണിമലയാറിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. മൂത്ത മകൻ ആനന്ദ് തിങ്കളാഴ്ച പ്ലസ്ടു പരീക്ഷ എഴുതാനിരിക്കെ ആണ് പിതാവിന്റെ ദാരുണ മരണം. ഞായറാഴ്ച വൈകുന്നേരത്തോടെ ആണ് ബന്ധുക്കളും നാട്ടുകാരും ബിജുവിന്റെ മരണ വിവരം മകൻ ആനന്ദിനെ അറിയിച്ചത്. എസ്എസ്എൽസി യ്ക്ക് ഫുൾ എ പ്ലസ് ലഭിച്ച പഠനത്തിൽ മിടുക്കനായ ആ മകന് അച്ഛന്റെ വേർപാട് താങ്ങാനാവുമായിരുന്നില്ല. അച്ഛൻ ഇനിയൊരിക്കലും ഇല്ലെന്ന വേദനയിൽ പരീക്ഷ എഴുതേണ്ട അതീവ ദുഃഖത്തിലാണ് മകൻ ആനന്ദ്. ബിജുവിന്റെ ഭാര്യ മിനിയെ ആശ്വസിപ്പിക്കാനാവുന്നില്ല അയൽവാസികൾക്ക്. ഇളയ മകനും ഇപ്പോൾ ഭർത്താവും നഷ്‌ടപ്പെട്ട് കണ്ണീരിൽ കുതിർന്ന് തേങ്ങുകയാണ് മിനി. അടുത്തറിയാവുന്നവർക്കെല്ലാം സഹായി ആയിരുന്നു ബിജു. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് എട്ടിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

നൊമ്പരമായി അനീഷ്.

കൂലിപ്പണിക്കാരനായ അനീഷ് (49) കൂവപ്പള്ളി സ്വദേശിയാണ്. ഭാര്യ ഷീജയുമായി മുക്കടയിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞയിടെ അനീഷ് എരുമേലി ടൗണിൽ ആയിരുന്നു മാസങ്ങളായി കൂലിപ്പണി ചെയ്തിരുന്നത്. രണ്ട് പെണ്മക്കൾ അനീഷിന്. ഒരാൾ എസ്എസ്എൽസി വിദ്യാർത്ഥിനിയാണ്. പിതാവിന്റെ വേർപാടിന് പിന്നാലെ പരീക്ഷ എഴുതേണ്ട ദയനീയ അവസ്ഥയിലാണ് മകൾ. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച അനീഷിന്റെ മൃതദേഹം സംസ്‌ക്കരിക്കും.

error: Content is protected !!