വനിതകൾക്ക് ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ വനിതാ മെമ്പർമാർ , കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ, ഹരിതകർമ്മ സേനാഗംഗങ്ങൾ തുടങ്ങിയവർക്ക് അങ്കിത എന്ന പേരിൽ ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. ജില്ലാ പഞ്ചായത്ത് അംഗമായ പി. ആർ. അനുപമ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വനിതാദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി നൽകുന്ന അങ്കിത പുരസ്‌കാരം 2025 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ പങ്കെടുത്ത പാറത്തോട് സ്വദേശിനിയായ അക്ഷിത മുരുകന് സമ്മാനിച്ചു.
ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എംഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ആശുപത്രി ആർ.എം.ഒയും, ശ്വാസകോശരോഗ ചികിത്സാവിഭാഗം കൺസൽട്ടന്റുമായ ഡോ. അനീഷ മാത്യു, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം .ഐ തുടങ്ങിയവർ സംസാരിച്ചു. വനിതാദിനത്തിൽ ഭാഗമായി വനിതകൾക്ക് ചികിത്സാനിരക്കിൽ ഇളവ് നൽകുന്ന അമ്മമനസ്സ് പദ്ധതിയും, വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും നടപ്പിലാക്കിയിരുന്നു.